ചാവക്കാട്: ഒരുമനയൂർ ദേശീയ പാതയിലെ ചേറ്റുവ ടോൾ നിന്നിരുന്ന സ്ഥലത്തെ കോൺക്രീറ്റ് ഡിവൈഡർ പൊളിച്ചു. അപകട ഭീഷണി ഉയർത്തിയിരുന്ന ഈ കോൺക്രീറ്റ് ഡിവൈഡർ എത്രയും പെട്ടെന്ന് പൊളിച്ച് മാറ്റണമെന്നാവശ്യപ്പെട്ട് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി തിരുവനന്തപുരം ചീഫ് എൻജിനീയറടക്കമുള്ളവർക്ക് നിവേദനം നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എസ്‌കവേറ്റർ ഉപയോഗിച്ച് പൊളിക്കാൻ ശ്രമിച്ചെങ്കിലും കോൺക്രീറ്റിന്റെ ഉറപ്പ് കാരണം സാധിച്ചിരുന്നില്ല.
പിന്നീട് ഇത് പൊളിച്ചുമാറ്റാൻ വട്ടേക്കാടുള്ള ദാബി കോൺട്രാക്ടിംഗ് ഉടമ ഇന്തികാഫ് ആലമിനെ ചുമതലപ്പെടുത്തുകയും, ഇന്തികാഫ് ആലം ജാക്കി ഹാമർ ഉപയോഗിച്ച് പൊളിച്ചുമാറ്റുകയുമായിരുന്നു.
30 കൊല്ലങ്ങൾക്ക് മുമ്പ് ഉണ്ടാക്കിയ ഈ ഡിവൈഡർ ചേറ്റുവ പാലം കഴിഞ്ഞ് കുറച്ച് ദൂരത്തിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇവിടെ വഴിവിളക്ക് പോലും ഇല്ലാത്തതിനാൽ രാത്രി സമയങ്ങളിൽ വാഹനങ്ങൾ ഡിവൈഡറിൽ ഇടിച്ച് അപകടങ്ങൾ തുടർക്കഥയായിരുന്നു. കഴിഞ്ഞ ദിവസം പുലർച്ചെ ടാങ്കർ ലോറി ഡിവൈഡറിലിടിച്ച് മറിഞ്ഞ് ടാങ്കർ വേർപ്പെടുകയും, ഡ്രൈവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.എ. അബൂബക്കർ ഹാജി, നാഷണൽ ഹൈവെ എക്‌സിക്യുട്ടീവ് എൻജിനീയർ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ, അസി.എൻജിനീയർ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും ഡിവൈഡർ പൊളിച്ചുമാറ്റാൻ എക്‌സിക്യുട്ടീവ് എൻജിനീയർ നിർദ്ദേശം നൽകുകയുമായിരുന്നു.