തൃശൂർ: തേക്കിൻകാട് മൈതാനത്തെ മാലിന്യം പൂർണമായും ഇന്നു തന്നെ നീക്കം ചെയ്യുമെന്ന് വി.എസ്. സുനിൽകുമാർ അറിയിച്ചു. കഴിഞ്ഞ കുറെ വർഷങ്ങളായി കോർപറേഷന്റെ ശുചീകരണ തൊഴിലാളികളാണ് പൂരപ്പിറ്റേന്ന് മാലിന്യം നീക്കം ചെയ്ത് തേക്കിൻകാട് മൈതാനവും തൃശൂർ നഗരവും ശുചീകരിക്കാറ്. എന്നാൽ ഇത്തവണ പൂരപ്പിറ്റേന്ന് ശുചീകരണവുമായി ബന്ധപ്പെട്ട് ഉണ്ടായ ചില തർക്കങ്ങൾ മൂലം മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ നിലച്ചിരിക്കുകയായിരുന്നു.
മാലിന്യം സംസ്‌കരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ മന്ത്രി, മേയർ അജിത വിജയൻ, ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി എന്നിവരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ മാലിന്യം ഇന്ന് തന്നെ പൂർണമായി സംസ്‌കരിക്കുന്നതിനാണ് തീരുമാനമായത്.