തൃശൂർ: തൃശൂർപൂരത്തിന്റെ പകർപ്പകവാശം താൻ വില്പന നടത്തിയെന്ന വാർത്തയിൽ അടിസ്ഥാനമില്ലെന്നും വിവാദങ്ങൾക്കു പിന്നിൽ ചിലരുടെ അജൻഡയാണെന്നും റസൂൽ പൂക്കുട്ടി വ്യക്തമാക്കി. തന്റെ മുഖത്തടിച്ച് പ്രശസ്തി നേടാനാണ് ചിലരുടെ ശ്രമമെന്നും ഫേസ് ബുക്ക് അക്കൗണ്ടിൽ വിവാദത്തിന് മറുപടിയായി റസൂൽ പൂക്കുട്ടി കുറിച്ചു.
'പൂരത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ കഴിയുന്നില്ലെന്നത് ശരിയല്ല. ഈ വർഷത്തെ പൂരത്തിന്റെ ലൈവ് ദൃശ്യങ്ങൾ ഫേസ് ബുക്ക് ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ വഴി തത്സമയം ലോകം മുഴുവൻ കണ്ടതാണ്. ഞാൻ ഒരു ഓഡിയോയും വീഡിയോയും സോണിക്ക് വിറ്റിട്ടില്ല. സൗണ്ട് സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വീഡിയോ ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അതിൽ എനിക്ക് പങ്കില്ല. എവിടെ നിന്നാണ് എന്തുകൊണ്ടാണ് ഇത്തരമൊരു വിവാദം ഉണ്ടായതെന്ന് സാക്ഷരരായ മലയാളികൾ ഗൗരവത്തോടെ ചിന്തിക്കണം.'- പൂരത്തിന്റെ തത്സമയ ദൃശ്യങ്ങൾ യു ട്യൂബിലും ഫേസ് ബുക്കിലും വന്നതിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് റസൂലിന്റെ മറുപടി.
തൃശൂർ പൂരം ഇലഞ്ഞിത്തറ മേളത്തിന്റെയും പഞ്ചവാദ്യത്തിന്റെയും ദൃശ്യങ്ങൾ യു ട്യൂബിലോ ഫേസ് ബുക്കിലോ അപ്‌ലോഡ് ചെയ്യുമ്പോൾ പകർപ്പവകാശം സോണി കമ്പനിക്കാണെന്ന് അറിയിപ്പ് വരുന്നുവെന്നതാണ് വിവാദത്തിന് കാരണമായത്.
തൃശൂർ പൂരവും ഇലഞ്ഞിത്തറ മേളത്തിന്റെ ഏതാനും ഭാഗങ്ങളും ഉൾപ്പെടുത്തി റസൂൽ പൂക്കുട്ടി നായകനായി ദ സൗണ്ട് സ്റ്റോറി എന്ന സിനിമ ചിത്രീകരിച്ചിരുന്നു. സിനിമയുടെയും ഗാനങ്ങളുടെയും വിതരണാവകാശം മാത്രമാണ് സോണിക്ക് നൽകിയത്. മേളത്തിന്റെ പകർപ്പവകാശം സംബന്ധിച്ച വിവാദത്തിലേക്ക് എങ്ങനെയാണ് തങ്ങളുടെ സിനിമയെ ബന്ധപ്പെടുത്തുന്നതെന്ന് നിർമ്മാതാക്കളും ചോദിക്കുന്നു.
സൗണ്ട് സ്റ്റോറിക്കു മാത്രം
പകർപ്പവകാശം: സോണി
തൃശൂർ പൂരത്തിന്റെ മേളങ്ങൾക്കു അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നു സോണി മ്യൂസിക്‌സിന്റെ തെന്നിന്ത്യൻ മേധാവി അശോക് പർവാണി പറഞ്ഞു. റസൂൽ പൂക്കുട്ടി ശബ്ദസംവിധാനം ചെയ്തു റെക്കാഡു ചെയ്ത 'ദ സൗണ്ട് സ്റ്റോറി' എന്ന സിനിമയിലെ ഭാഗങ്ങൾക്കു മാത്രമാണ് പകർപ്പവകാശ നിയമപ്രകാരം നിയന്ത്രണമുള്ളത്. കുട്ടൻമാരാരുടെ രണ്ടര മണിക്കൂർ ദൈർഘ്യമുള്ള ഇലഞ്ഞിത്തറ മേളത്തിന്റെ വളരെ ചെറിയ ഭാഗംമാത്രമേ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. അഞ്ചു മിനിട്ട് 42 സെക്കൻഡ് മാത്രം. ഈ ഭാഗത്തിന് പകർപ്പവകാശ നിയമം ബാധകമാണ്. പെരുവനം സതീശൻ മാരാരുടെ നേതൃത്വത്തിലുള്ള പഞ്ചാരി മേളം ഏഴു മിനിട്ട് 54 സെക്കൻഡും കോങ്ങാട് മധുവിന്റെ നേതൃത്വത്തിലുള്ള പഞ്ചവാദ്യം ഏഴു മിനിട്ട് അഞ്ചു സെക്കൻഡുമാണ് സിനിമയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ ഭാഗങ്ങൾ കോപ്പി ചെയ്ത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനു മാത്രമാണു തടസം.