കൊടുങ്ങല്ലൂർ: ചരിത്രത്തിലിടം പിടിച്ച മതിലകം ബംഗ്ളാവ് കടവിലെ ട്രാവലേഴ്സ് ബംഗ്ലാവ് , വില്യം ലോഗൻ ഗാലറി എന്ന മ്യൂസിയമാക്കി മാറ്റുന്ന നവീകരണ പ്രവൃത്തികൾക്ക് തുടക്കം. കനോലി കനാലിന്റെ തീരത്ത് മതിലകം പാലത്തിന് സമീപത്തായാണ് ബംഗ്ളാവ് കടവും ഈ കെട്ടിടവും സ്ഥിതിചെയ്യുന്നത്. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നവീകരണം ആരംഭിച്ചത്. 33 ലക്ഷം രൂപയാണ് ഇതിനായി ചെലവിടുന്നത്. കെട്ടിടത്തിന്റെ പഴക്കമേറിയ തറയും ചുമരുകളും ഉൾപ്പെടെയുള്ളവ അതേപടി നിലനിറുത്തി പഴമ വിടാതെ നവീകരിക്കുന്ന പ്രവൃത്തിയാണ് പദ്ധതി.
ബ്രിട്ടീഷുകാർ നിർമ്മിച്ച ട്രാവലേഴ്സ് ബംഗ്ലാവ്, സ്വാതന്ത്ര്യാനന്തരം ഏറെ വർഷത്തോളം ഗ്രൂപ്പ് വില്ലേജ് ഓഫീസായിരുന്നു. ചരിത്ര പ്രസിദ്ധമായ ‘മലബാർ മാന്വലിന്റെ’’ ഒരു ഭാഗം വില്ല്യം ലോഗൺ എഴുതിയത് ഈ ട്രാവലേഴ്സ് ബംഗ്ളാവിൽ വച്ചായിരുന്നു. ജലപാത വഴിയുള്ള യാത്രക്കിടയിൽ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ വിശ്രമിച്ചിരുന്നതോടൊപ്പം രാഷ്ടീയ തടവുകാർക്ക് നേരേയുള്ള മർദ്ദന കേന്ദ്രമായും ഈ കെട്ടിടം ഉപയോഗിച്ചിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കോട്ടപ്പുറം മുതൽ പൊന്നാനി വരെ കനോലികനാലിലൂടെ കമ്പനി വഞ്ചിയുണ്ടായിരുന്നു. വാഹന സൗകര്യം പരിമിതമായ കാലത്ത് ആളുകൾ കമ്പനി വഞ്ചിയെയാണ് യാത്രയ്ക്ക് ആശ്രയിച്ചിരുന്നത്. ഈ വഞ്ചിക്ക് ട്രാവലേഴ്സ് ബംഗ്ളാവിനടുത്ത് സ്റ്റോപ്പുണ്ടായിരുന്നു. മലബാറിലുളള കായലുകൾ കനാലുകൾ നാവിക സൗകര്യങ്ങൾ തുറമുഖങ്ങൾ മറ്റു ചരിത്രപരമായ സവിശേഷതകളെല്ലാം അടങ്ങുന്ന വിശദമായ ഗാലറിയാണ് മ്യൂസിയത്തിൽ ഉദ്ദേശിക്കുന്നത്. മലബാറിന്റെ അക്കാലത്തെ സാമൂഹിക പശ്ചാത്തലം, വിവിധ സംഘടനകൾ, പ്രസ്ഥാനങ്ങൾ ഗ്രാമങ്ങൾ, പട്ടണങ്ങൾ ജനവാസകേന്ദ്രങ്ങൾ, തൊഴിൽ, ആചാരാനുഷ്ഠാനങ്ങൾ എന്നിവയെല്ലാം ഗാലറിയുടെ ഭാഗമാകും.
സഞ്ചാരികൾക്കും ചരിത്ര വിദ്യാർത്ഥികൾക്കും കൂടുതൽ ഗവേഷണം ചെയ്യാനുള്ള സൗകര്യവും ഒരുക്കും. സഞ്ചാരികൾക്ക് ആവശ്യമായ ടോയ്‌ലെറ്റ് ബ്ലോക്ക്, ബോട്ട് ജെട്ടി, ഗാർഡൻ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. ഇതിന്റെ പുനരുദ്ധാരണം കൂടി ലക്ഷ്യമാക്കിക്കൊണ്ട് കൃഷി മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ കയ്പമംഗലം എം.എൽ.എയായിരിക്കെ ഇവിടെ ‘‘ചിലപ്പതികാരം ഫെസ്റ്റ്’ സംഘടിപ്പിച്ചിരുന്നു.