ടെസ്റ്റ് ഗ്രൗണ്ടുകളിൽ 29ന് പരിശോധന
ടെസ്റ്റിൽ പരാജയപ്പെട്ടവർക്ക് ഒരു അവസരം കൂടി നൽകും

തൃശൂർ: സ്‌കൂൾ ബസുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മുൻവർഷങ്ങളിലേത് പോലെ മോട്ടോർ വാഹന വകുപ്പ് ഇക്കുറിയും പരിശോധന നടത്തും. 29ന് ജില്ലയിലെ റീജ്യണൽ, സബ് റീജ്യണൽ ടെസ്റ്റിംഗ് ഗ്രൗണ്ടുകളിലായിരിക്കും പരിശോധന. തൃശൂർ താലൂക്കിലേത് അത്താണിയിലെ ടെസ്റ്റിംഗ് ഗ്രൗണ്ടിലാണ്. രാവിലെ എഴ് മുതൽ 11 വരെയാണ് പരിശോധന.

പരിശോധന കഴിഞ്ഞ വണ്ടികളിൽ മോട്ടോർ വാഹന വകുപ്പിന്റെ സ്റ്റിക്കർ പതിപ്പിക്കും. അമ്പത് കിലോമീറ്റർ വേഗതയാണ് സ്‌കൂൾ ബസുകൾക്ക് അനുവദിച്ച വേഗ പരിധി. നേരത്തെ സ്‌കൂൾ അധികൃതർക്ക് നൽകിയ നിയമാവലിയിലെ കാര്യങ്ങൾ ഉറപ്പുവരുത്തി ടെസ്റ്റിനെത്തണമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശം. ഇതിന് പുറമെ സ്‌കൂൾ തുറക്കുന്ന ദിവസം മുതൽ റോഡിൽ പ്രത്യേക പരിശോധന മോട്ടോർ വാഹന വകുപ്പ് ആരംഭിക്കും. സ്‌കൂൾ ബസുകളിൽ പരിചയ സമ്പന്നരായ ഡ്രൈവർമാരെ മാത്രമേ നിയമിക്കാൻ പാടുള്ളൂ.

സ്‌കൂൾ ബസുകൾക്ക് പുറമെ കുട്ടികളെ സ്‌കൂളുകളിൽ കൊണ്ടുവിടുന്ന മറ്റ് സ്വകാര്യ ബസുകൾ, ഓട്ടോറിക്ഷകൾ എന്നിവയിലും പരിശോധന കർശനമാക്കും. കുട്ടികളെ കുത്തിനിറച്ച് കൊണ്ടുപോകാൻ പാടില്ലെന്നാണ് നിർദ്ദേശം. ഇക്കാര്യങ്ങൾ ഉറപ്പുവരുത്താൻ രാവിലെയും വൈകുന്നേരവും മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് പരിശോധനയ്ക്കിറങ്ങും.

29ന് നടത്തുന്ന ടെസ്റ്റുകളിൽ കണ്ടെത്തുന്ന പ്രശ്‌നങ്ങൾ അടുത്ത ദിവസം തന്നെ പരിഹരിച്ച് വാഹനം ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാക്കണം. ഇക്കാര്യങ്ങൾ പാലിക്കാത്ത ബസുകളുടെ ഫിറ്റ്‌നസ് ഉൾപ്പെടെ റദ്ദാക്കുന്ന നടപടിയിലേക്ക് നീങ്ങാനാണ് വകുപ്പിന്റെ തീരുമാനം. വിദ്യാർത്ഥികളെ കയറ്റാത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടിയെടുക്കും. ബസ് സ്റ്റോപ്പിൽ വണ്ടി കൃത്യമായി നിറുത്തുക, അമിത വേഗം ഒഴിവാക്കുക, എല്ലാ സ്റ്റോപ്പുകളിലും നിറുത്തി വിദ്യാർത്ഥികളെ കയറ്റുക തുടങ്ങിയ നിർദ്ദേശങ്ങൾ പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെയും നടപടിയെടുക്കും

ഇവ ശ്രദ്ധിക്കണം

ബസുകൾ അറ്റകുറ്റപണി നടത്തി പ്രവർത്തന ക്ഷമത ഉറപ്പ് വരുത്തണം
മണിക്കൂറിൽ 50 കി.മീ വേഗം ക്രമീകരിക്കുന്ന സ്പീഡ് ലിമിറ്റർ ഘടിപ്പിക്കണം
വാഹനത്തിൽ ഫസ്റ്റ് എയ്ഡ് ബോക്‌സുണ്ടാകണം
കുട്ടികളുടെ വിവരങ്ങൾ സ്‌കൂളിലും പകർപ്പ് വാഹനത്തിലും സൂക്ഷിക്കണം
രേഖകൾ സാധുതയുള്ള വാഹനങ്ങൾ സ്‌കൂൾ അധികൃതർ ഉറപ്പ് വരുത്തണം
ഓട്ടോറിക്ഷകളിൽ വിദ്യാർത്ഥികളെ കുത്തി നിറയ്ക്കരുത്
ഓരോ വാഹനത്തിനും ഓരോ അദ്ധ്യാപകരെ ചുമതലപ്പെടുത്തണം
വാഹന ഡ്രൈവിംഗിൽ പത്ത് വർഷത്തിന് മുകളിലും ഹെവി വാഹന ഡ്രൈവർമാർക്ക് അഞ്ച് വർഷത്തെയും പരിചയം ഡ്രൈവിംഗിൽ വേണം
ബസിന് മഞ്ഞ നിറം നിർബന്ധം
സ്‌കൂൾ ബസ് എന്ന് മുൻ, പിൻ ഭാഗങ്ങളിൽ വ്യക്തമായി എഴുതണം
വാടകയ്‌ക്കെടുത്ത ബസാണെങ്കിൽ സ്‌കൂൾ ഡ്യൂട്ടിയിൽ എന്ന് ബോർഡ് വയ്ക്കണം
ഡ്രൈവറുടെ പേര്, വിലാസം, ലൈസൻസ് നമ്പർ, ബാഡ്ജ് നമ്പർ, സ്‌കൂളിന്റെയോ വാഹന ഉടമയുടെ ഫോൺ നമ്പർ, ഗതാഗത വകുപ്പ് ഹെൽപ്പ് ലൈൻ നമ്പർ, രജിസ്‌ട്രേഷൻ നമ്പർ എന്നിവ ബസിന് ഉള്ളിലും പുറത്തും വ്യക്തമായി എഴുതണം