തൃശൂർ: വടക്കുന്നാഥൻ ക്ഷേത്ര സങ്കേതമായ കൊക്കർണി പറമ്പിൽ കോർപറേഷൻ നിക്ഷേപിച്ച മാലിന്യങ്ങൾ കൊച്ചിൻ ദേവസ്വം ബോർഡ് നേരിട്ട് നീക്കം ചെയ്തു. മാലിന്യം തട്ടിയതിന് കോർപറേഷനെതിരെ ദേവസ്വം ബോർഡ് അസിസ്റ്റന്റ് പൊലീസ് കമ്മിഷണർ വി.കെ രാജുവിന് പരാതിയും നൽകി. ഹിന്ദു ഐക്യവേദിയും കോർപറേഷനെതിരെ എ.സി.പിക്കും, ഡി.എം.ഒയ്ക്കും പരാതി നൽകി.
പൂരം ശുചീകരണത്തിന്റെ ഭാഗമായി കോർപറേഷൻ തേക്കിൻകാട്ടിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങളാണ് മതിയായ സംസ്‌കരണ സംവിധാനം ഉപയോഗപ്പെടുത്താതെ കൊക്കർണി പറമ്പിൽ തള്ളിയത്. ഇതിനെതിരെ ഹിന്ദു ഐക്യവേദി പ്രവർത്തകർ രംഗത്തെത്തിയതോടെയാണ് കോർപറേഷൻ പ്രതിസന്ധിയിലായത്. പ്രശ്‌നത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് മേയർ ജില്ലാ കളക്ടർക്ക് കത്ത് നൽകിയെങ്കിലും ഇടപെടൽ ഉണ്ടായില്ല.
സാധാരണ പൂരത്തിന് ശേഷമുള്ള മാലിന്യം നെഹ്രു പാർക്കിലാണ് കുഴികുത്തി നിക്ഷേപിക്കാറ്. ഇക്കുറി നവീകരണത്തിന് ശേഷം പഴയതുപോലെ സ്ഥലം ഉപയോഗപ്പെടുത്താൻ കഴിയാതായതോടെ ദേവസ്വത്തിന്റെ സഹായം തേടി. മാലിന്യം നിക്ഷേപിക്കാൻ കൊക്കർണി പറമ്പ് അനുവദിക്കണമെന്നായിരുന്നു കോർപറേഷന്റെ ആവശ്യം.
ഇതനുസരിച്ച് കൊക്കർണി പറമ്പിൽ ആനപ്പട്ടയും പിണ്ഡവും മാത്രം നിക്ഷേപിക്കാൻ ദേവസ്വം ബോർഡ് രേഖാമൂലം കോർപറേഷന് അനുമതി നൽകി. ഇതിന് വിരുദ്ധമായി പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടങ്ങളും ഉൾപ്പെടെ നിക്ഷേപിച്ചത് ഉടൻ നീക്കം ചെയ്യണമെന്ന് ബോർഡ് കോർപറേഷനോട് ആവശ്യപ്പെട്ടെങ്കിലും കോർപറേഷൻ തയ്യാറായില്ല. ഇതേത്തുടർന്നാണ് മാലിന്യം സ്വയം നീക്കാൻ ബോർഡ് തീരുമാനമെടുത്തത്.
ഇതിനിടയിൽ വ്യാഴാഴ്ച വൈകിട്ട് കോർപറേഷൻ മാലിന്യം നീക്കുമെന്ന് മന്ത്രി വി.എസ്. സുനിൽ കുമാർ അറിയിച്ചു. ഇന്നലെ രാവിലെ മുതൽ കോർപറേഷൻ ശുചീകരണ തൊഴിലാളികൾ കൊക്കർണി പറമ്പിലെ മാലിന്യം ഉൾപ്പെടെ മാറ്റുമെന്നായിരുന്നു മന്ത്രിയുടെ അറിയിപ്പ്. ഇതിന് കാത്ത് നിൽക്കാതെ രാത്രി തന്നെ ജെ.സി.ബിയും ലോറിയും തൊഴിലാളികളും ഉപയോഗിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് മാലിന്യം നീക്കി. അഞ്ച് ലോറി ലോഡ് മാലിന്യങ്ങളാണ് നീക്കം ചെയ്തത്. വടക്കുന്നാഥൻ ദേവസ്വം മാനേജർ സുരേഷിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കേശവദാസ്, സംസ്ഥാന സെക്രട്ടറി പി. സുധാകരൻ, വിശ്വഹിന്ദു പരിഷത് ജില്ലാ സെക്രട്ടറി പ്രസാദ് അഞ്ചേരി, ക്ഷേത്ര സംരക്ഷണസമിതി ജില്ലാ സെക്രട്ടറി എം. മോഹനകൃഷ്ണൻ തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

കോർപറേഷനും ഇറങ്ങി

ഇന്നലെ രാവിലെ നൂറോളം കോർപറേഷൻ തൊഴിലാളികൾ തേക്കിൻകാട്ടിൽ ശുചീകരണത്തിനിറങ്ങി. പൂരത്തിന് ശേഷം വിവിധ ഏജൻസികൾ ശുചീകരണം നടത്തിയിരുന്നു. ബാക്കി വന്ന അവശിഷ്ടങ്ങളാണ് ഇന്നലെ കോർപറേഷൻ ശേഖരിച്ച് തേക്കിൻകാട് ശുചീകരിച്ചത്.