krishna
കുരുവിലശേരിയിലെ കാളിന്ദിയിലെത്തിയ സന്തോഷ് പണ്ഡിറ്റ് കൃഷ്ണയ്ക്കൊപ്പം

മാള: പൊതുസമൂഹത്തിന്റെ ചോദ്യങ്ങൾക്ക് നിശ്ചയദാർഢ്യത്തിലൂടെ മറുപടി നൽകിയ കൃഷ്ണയെ കാണാൻ, മുഖ്യധാരാ സിനിമയുടെ വെല്ലുവിളികളെ നേരിട്ട സന്തോഷ് പണ്ഡിറ്റ് കാളിന്ദിയിലെത്തി. കുതിരപ്പുറത്ത് പറക്കുന്ന കൃഷ്ണയെ കാണാൻ മലയാള സിനിമയിൽ ഒഴുക്കിനെതിരെ നീന്തിയ സന്തോഷ് പണ്ഡിറ്റ് കുരുവിലശേരിയിലെ കാളിന്ദിയിൽ എത്തുകയായിരുന്നു.

സിനിമാ ചിത്രീകരണത്തിനിടയിൽ ഗോവയിൽ നിന്ന് സന്തോഷ് പണ്ഡിറ്റ് തീവണ്ടി മാർഗം ചാലക്കുടിയിലെത്തിയാണ് കുരുവിലശേരിയിലെത്തിയത്. തുടർന്ന് കൃഷ്ണയ്ക്കും കുടുംബത്തിനും ഒപ്പം ഭക്ഷണം കഴിച്ചു. മൈസൂരിൽ പരിശീലനത്തിനിടയിൽ രണ്ട് ദിവസത്തെ അവധിയിലാണ് കൃഷ്ണ വീട്ടിലെത്തിയത്. സ്ത്രീകൾക്ക് മാതൃകയാണ് കൃഷ്ണയെന്നും പഠനത്തോടൊപ്പം കുതിര സവാരി പരിശീലിക്കുന്ന ചങ്കുറപ്പ് അഭിനന്ദനം അർഹിക്കുന്നുവെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. കൃഷ്ണയുടെ അമ്മ ഇന്ദുവും ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു. കുതിര സവാരിയുടെ ലൈസൻസ് നേടാനുള്ള പരിശീലനം നടത്തുമ്പോഴും പഠനം കൂടി ശ്രദ്ധിക്കണമെന്ന ഉപദേശം നൽകിയാണ് സന്തോഷ് പണ്ഡിറ്റ് മടങ്ങിയത്.