തൃശൂർ: കേരള സർക്കാർ അനുവദിച്ച ഡി.എ. കുടിശിക കാർഷിക സർവകലാശാലയിലും വെറ്ററിനറി സർവകലാശാലയിലും നൽകാതിരിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. കേരളത്തിലെ ഇതര സർവകലാശാലകളിൽ ഡി.എ കുടിശിക പണമായി അനുവദിച്ചു കഴിഞ്ഞ സാഹചര്യത്തിലാണിത്. ഡെപ്യൂട്ടേഷൻ മുഖേന നിയമിതനായ കാർഷിക സർവകലാശാല കംപ്‌ട്രോളറുടെ കാലാവധി കഴിഞ്ഞ ഫെബ്രുവരിയിൽ തീർന്നതാണ്.

കാസർകോട് വികസന പദ്ധതിയുടെ സ്‌പെഷ്യൽ ഓഫീസറായി നിയമിതനായ ഇദ്ദേഹം സാമ്പത്തിക തലവന്റെ ചാർജ്ജിൽ ഇപ്പോഴും തുടരുകയാണ്. കാർഷിക സർവകലാശാലയിൽ ഡി.എ കുടിശിക നൽകാൻ ഒമ്പത് കോടി രൂപയും വെറ്ററിനറി സർവകലാശാലയിൽ മൂന്നു കോടി രൂപയും വേണം. ഇക്കാര്യം ഭരണവകുപ്പായ കൃഷിവകുപ്പിന്റെ ശ്രദ്ധയിൽ കൊണ്ടുവന്ന് പദ്ധതിയേതര വിഹിതം നേടിയെടുക്കാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് ജീവനക്കാർ പരാതിപ്പെടുന്നു. വെറ്ററിനറി സർവകലാശാലയിൽ ഏപ്രിൽ മാസം നൽകേണ്ട പുതുക്കിയ ഡി.എയും സാങ്കേതിക പ്രശ്‌നങ്ങൾ ഉന്നയിച്ച് അനുവദിച്ചിട്ടില്ല. കാർഷിക സർവകലാശാലയിൽ ഡി.എ കുടിശിക സർക്കാർ ഉത്തരവ് പ്രകാരം അനുവദിക്കാൻ തയ്യാറായില്ലെങ്കിൽ പ്രക്ഷോഭവുമായി രംഗത്ത് വരുമെന്ന് കെ.എ.യു. എംപ്ലോയീസ് അസോസിയേഷൻ അറിയിച്ചു. സർക്കാർ അനുവദിച്ച ആനുകൂല്യം കാർഷിക സർവകലാശാലയിൽ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എംപ്ലോയീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി പ്രസ്താവനയിലൂടെ അറിയിച്ചു...