തൃശൂർ: പൂരത്തിന്റെ മാലിന്യം കൊക്കർണിപ്പറമ്പിൽ തള്ളിയതുമായി ബന്ധപ്പെട്ട് കോർപറേഷൻ കൗൺസിലിൽ വാഗ്വാദം. പൂരത്തിനുശേഷം കൊക്കർണിപ്പറമ്പിൽ കുഴിച്ചിടാൻ കൊണ്ടുവന്ന മാലിന്യങ്ങളിൽ മുട്ടത്തോടും മാംസാവശിഷ്ടവും ഉണ്ടായിരുന്നുവെന്നും അതാണ് തടഞ്ഞതെന്നും ബി.ജെപി കൗൺസിലർ എ. മഹേഷ് പറഞ്ഞു. ബി.ജെ.പി കൗൺസിലർമാർ യോഗം ബഹിഷ്‌കരിച്ച് കോർപറേഷൻ ഓഫീസിനുമുമ്പിൽ കുത്തിയിരിപ്പു നടത്തി.
മാലിന്യ പ്രശ്‌നത്തിൽ മുതലെടുപ്പ് നടത്താനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് എം.കെ. മുകുന്ദൻ പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് തന്നെയാണ് എല്ലാ വിഭാഗം കച്ചവടക്കാർക്കും അനുമതി നൽകിയത്. ദേവസ്വം ബോർഡാണ് ഇത്തരം ഭക്ഷണ സാധനങ്ങൾ വിൽക്കുന്നുണ്ടോയെന്ന് നോക്കേണ്ടത്. പണം വാങ്ങി വച്ചിട്ട് തമ്മിൽ തല്ലിക്കാൻ നോക്കരുതെന്നും മുകുന്ദൻ പറഞ്ഞു.
മാലിന്യത്തിൽ മുട്ടത്തോടും മറ്റവശിഷ്ടങ്ങളും കോർപറേഷൻ കൊണ്ടുവന്നിട്ടതാണെന്ന ആരോപണം ശരിയല്ലെന്ന് മേയർ അജിത വിജയൻ പറഞ്ഞു. ആനത്തീറ്റയുടെ ബാക്കിയും ആനപിണ്ഡവും മാത്രമാണ് കുഴിച്ചിടാൻ ശ്രമിച്ചതെന്നും മേയർ വിശദീകരിച്ചു. മാലിന്യത്തിൽ മുട്ടത്തോടും മാംസാവശിഷ്ടവും വന്നതെങ്ങനെയെന്നും ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും അന്വേഷിക്കണമെന്ന് കോൺഗ്രസിലെ എ. പ്രസാദ് ആവശ്യപ്പെട്ടു. മാലിന്യം സംസ്‌കരിക്കുന്നത് തടഞ്ഞതിനെതിരെ പ്രമേയം പാസാക്കണമെന്നു പ്രതിപക്ഷ ഉപനേതാവ് ജോൺ ഡാനിയേലും എ. പ്രസാദും ആവശ്യപ്പെട്ടു.
ഭരണകക്ഷി ഈ നിർദ്ദേശത്തോട് യോജിച്ചതോടെയാണ് പ്രമേയം പാസാക്കിയത്. പൂരം വെടിക്കെട്ടിനുശേഷം ഉണ്ടാകുന്ന മാലിന്യം സംസ്‌കരിക്കുന്നതിൽ ദേവസ്വം ബോർഡിന്റെ അനുവാദത്തോടെ കോർപറേഷൻ നടത്തിയ പ്രവർത്തനം ചില സാമൂഹിക ദ്രോഹികൾ തടസപ്പെടുത്തിയ പ്രവർത്തനത്തെ അപലപിക്കുന്നതായി പ്രതിപക്ഷത്തെ ജോൺ ഡാനിയേലിന്റെ പിൻതുണയോടെ ഭരണകക്ഷിയിലെ അനൂപ് കരിപ്പാൽ അവതരിപ്പിച്ച പ്രമേയം കൗൺസിൽ യോഗം പാസാക്കി.
പൂരം തങ്ങളുടേത് മാത്രമാണെന്ന് സ്ഥാപിക്കാൻ ചില സങ്കുചിത താത്പര്യക്കാർ ശ്രമിക്കുന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് മാലിന്യ സംസ്‌കരണം തടഞ്ഞത്. സംഭവത്തിൽ ഏതെങ്കിലും ഉദ്യോഗസ്ഥർ തെറ്റായ നിലപാട് എടുത്തിട്ടുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നും പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. എം.എൽ. റോസി, ഷീബ ബാബു, കൃഷ്ണൻകുട്ടി മാസ്റ്റർ, ഫ്രാൻസിസ് ചാലിശേരി, സി.ബി. ഗീത, അനൂപ് കരിപ്പാൽ, ഗ്രീഷ്മ അജയഘേഷ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
സീബ്രലൈൻ വരയ്ക്കാൻ 12 ലക്ഷം
നഗരത്തിലെ റോഡുകളിലും പ്രധാനപ്പെട്ട ജംഗ്ഷനുകളിലും റോഡ് മുറിച്ചു കടക്കുന്നതിനുള്ള സീബ്രാലൈൻ വരയ്ക്കാൻ 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് കൗൺസിൽ അനുമതി നൽകി. സീബ്രാലൈനുകൾ മാഞ്ഞു പോയതും അടിയന്തിരമായി പുനരുദ്ധരിക്കുന്നതിനായാണ് തുക അനുവദിച്ചിരിക്കുന്നത്. ട്രാഫിക് പോലീസ് സബ് ഇൻസ്‌പെക്ടറുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.