ഗുരുവായൂർ: ക്ഷേത്രത്തിന് ചുറ്റും ഇന്നർ റിംഗ് റോഡിൽ താത്കാലികമായി നടപ്പാക്കിയ വൺവേ സംവിധാനം വിജയകരമെന്ന് പൊലീസിന്റെ വിലയിരുത്തൽ. വൺവേ ഏർപ്പെടുത്തിയതിനുശേഷം തിരക്കുണ്ടായിരുന്ന ദിവസങ്ങളിൽ ഗതാഗതക്കുരുക്കില്ലാതെ ഭക്തർക്കു വാഹനഗതാഗതം നടത്താനായെന്നാണ് വിലയിരുത്തൽ. ഇതിനാൽ വൺവേ സംവിധാനം സ്ഥിരപ്പെടുത്തുന്നതിന് പൊലീസ് ആലോചിക്കുന്നുണ്ട്.
അമൃത് പദ്ധതിയുടെ ഭാഗമായുള്ള കാന നിർമാണം നടക്കുന്നതിനാലാണ് വൺവേ നടപ്പാക്കിയിരുന്നത്. താത്കാലികമായി 12 ദിവസത്തേക്കാണ് വൺവേ എന്നാണ് നഗരസഭ അറിയിച്ചിരുന്നതെങ്കിലും കാനയുടെ നിർമ്മാണം പൂർത്തിയാകാത്തതിനാൽ വൺവേ പിൻവലിച്ചിട്ടില്ല. വൺവേ സംവിധാനം സ്ഥിരമായി നടപ്പിലാക്കണമെങ്കിൽ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗം ചേർന്ന് തീരുമാനിക്കുകയും ഇതിന് കളക്ടറുടെ അംഗീകാരം ലഭിക്കുകയും വേണം. അടുത്ത് ചേരുന്ന ട്രാഫിക് റെഗുലേറ്ററി യോഗത്തിൽ വിഷയം ചർച്ചയ്‌ക്കെടുക്കാനാണ് പൊലീസ് ഉദേശിക്കുന്നത്.