ഗുരുവായൂർ: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തൈക്കാട് വില്ലേജ് ഓഫീസ് കെട്ടിടം നവീകരിച്ചു. നാലു പതിറ്റാണ്ടായി ശോച്യാവസ്ഥയിലായിരുന്ന തൈക്കാട് വില്ലേജ് ഓഫീസ് കെട്ടിടം നാലു ലക്ഷം രൂപ ചെലവിട്ട് പൊതുമരാമത്ത് വകുപ്പാണ് നവീകരിച്ചത്. ചുറ്റുമതിലും മുകളിൽ ട്രസ്സും നിർമ്മിച്ചിട്ടുണ്ട്. തൈക്കാട്, ചാവക്കാട്, ഗുരുവായൂർ പരിധിയിൽപ്പെടുന്ന ആളുകൾ വിവിധ ആവശ്യങ്ങൾക്കായി കയറിയിറങ്ങുന്ന ഈ വില്ലേജ് ഓഫീസിന്റെ അവസ്ഥ വളരെ മോശമായിരുന്നു. 2017ൽ ചാവക്കാട്ട് കളക്ടറുടെ അദ്ധ്യക്ഷതയിൽ നടന്ന താലൂക്ക് തല അദാലത്തിൽ വാർഡ് കൗൺസിലർ അഭിലാഷ് വി. ചന്ദ്രൻ നിവേദനം നൽകിയതിനെ തുടർന്നാണ് നടപടിക്രമങ്ങൾ വേഗത്തിലായത്.