കിഴുപ്പിള്ളിക്കര: മുനയം ബണ്ട് നിർമ്മാണത്തിൽ വ്യാപക അഴിമതിയെന്ന് പരാതി. ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ ഒത്തുകളിച്ച് ബണ്ട് നിർമ്മാണത്തിൽ വൻ ക്രമക്കേടുകൾ നടത്തുന്നതായി പരാതിയെ തുടർന്ന് മുനയം ബണ്ട് പ്രദേശത്ത് വിജിലൻസ് അധികൃതർ പരിശോധന നടത്തി. താന്ന്യം-കാട്ടൂർ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കരുവന്നൂർ പുഴക്കു കുറുകെ വർഷം തോറും നിർമ്മിക്കുന്ന മുനയം മൺചിറയിലാണ് വൻ അഴിമതി നടക്കുന്നതായി ആക്ഷേപമുള്ളത്. 25 ലക്ഷം രൂപ മുടക്കി വർഷാവർഷം നിർമ്മിക്കുന്ന ബണ്ടിൽ നിർമ്മാണ സാമഗ്രികളിൽ വൻകുറവ് വരുത്തി അഴിമതി നടത്തുന്നതെന്നാണ് ആരോപണം. കരാർ പ്രകാരം ചിറ നിർമ്മാണത്തിനായി ഉപയോഗിക്കേണ്ട മുള, മണ്ണ്, കയർ എന്നിവയിൽ വലിയ വ്യത്യാസം ബോധ്യപ്പെടുന്നുണ്ട്.

മുനയത്ത് സ്ഥിരമായ ഗതാഗതസൗകര്യത്തോടുകൂടി റഗുലേറ്റർ വേണമെന്നത് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്. എന്നാൽ സ്ഥിരം ബണ്ടിനെതിരെ ഉദ്യോഗസ്ഥ തലത്തിൽ വൻ പ്രതിരോധം ഉണ്ടെന്ന് പറയപ്പെടുന്നു. ഓരോ വർഷവും ലക്ഷങ്ങൾ ഉദ്യോഗസ്ഥരും കരാറുകാരും തമ്മിൽ പങ്കിട്ടെടുക്കുന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. താൽക്കാലികമായ മൺചിറയ്ക്ക് പകരം ബ്രിഡ്ജ് കം റെഗുലേറ്റർ സ്ഥാപിച്ചാൽ താന്ന്യം-കാട്ടൂർ പഞ്ചായത്ത് നിവാസികൾക്ക് ഗതാഗതത്തിനും ഏറെ ഉപകാരപ്രദമാകും. ഓരോ വർഷവും ലക്ഷങ്ങൾ പാഴാക്കുകയും വേണ്ട.

മുനയം, ഏനാമാക്കൽ, ഇടിയഞ്ചിറ എന്നിവിടങ്ങളിലെ താൽക്കാലിക മൺചിറകളുടെ നിർമ്മാണത്തിൽ അഴിമതിയും, ക്രമക്കേടും ആരോപിച്ച് അഭിഭാഷകനായ സി.എം. മഹേന്ദ്രൻ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. സൈറ്റിൽ മൺചിറകളുടെ സുരക്ഷക്കായി കാവൽക്കാരനെ നിയമിക്കാൻ എഗ്രിമെന്റിൽ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കാവൽക്കാരെ നിയമിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. വർക്കുകളുടെ മേൽനോട്ടത്തിന് കരാറുകാരൻ സ്വന്തം ചിലവിൽ എൻജിനിയറെ നിയമിക്കണമെന്ന് എഗ്രിമെന്റിലുണ്ട്. അതും പാലിച്ചിട്ടില്ലെന്നും ഇത് കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്നും പരാതിയിൽ പറയുന്നു. തുടർന്നാണ് തൃശൂർ വിജിലൻസ് സി.ഐ സുനിൽദാസിന്റെ നേതൃത്വത്തിൽ മുനയം മൺചിറയിൽ പരിശോധന നടത്തിയത്.

..........................................................

ആരോപണങ്ങൾ ഇങ്ങനെ

ബണ്ടിന് ഇരുവശത്തും ബലംകൊടുക്കുന്ന താങ്ങ് മുളകൾ സ്ഥാപിച്ചിട്ടില്ല

ചിറ വർഷക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കാൻ മുഴുവനായി പൊളിച്ചു കളയണം

പിന്നീട് ബണ്ട് പൂർണമായും പുതിയത് നിർമ്മിക്കണം

എന്നാൽ കരാറെടുത്തവർ ചിറ പൂർണമായും പൊളിച്ചു കളയാതെ കുറച്ചു ഭാഗം മാത്രമാണ് പൊളിക്കുന്നത്

അടുത്ത നിർമ്മാണഘട്ടത്തിൽ ചിറ മുഴുവനായി പണിയുന്നതിനുള്ള സംഖ്യ കൈക്കലാക്കുന്നു

ബണ്ട് നിർമ്മാണത്തിനുള്ള പുതിയ മണ്ണ് ഇറക്കുന്നതിന് ബിൽ ചെയ്യുകയും പഴയ മണ്ണ് തന്നെ ഉപയോഗിക്കുകയും ചെയ്യുന്നു

പ്രധാന ബണ്ടിനോട് ചേർന്നുള്ള പിള്ളക്കെട്ടിന് രണ്ടടി മാത്രമേ താഴ്ച പാടുള്ളൂ എന്നാൽ ഇവിടെ ആറടിയിലേറെ താഴ്ചയുണ്ട്.

അധികജലം ഒഴുകി പോകുന്നതിനായി നിർമ്മിച്ചിട്ടുള്ള പെട്ടിക്കഴ (വുഡൻ ബോക്‌സ്) എസ്റ്റിമേറ്റിൽ പറഞ്ഞതുപ്രകാരം നിർമ്മിച്ചിട്ടില്ല

ചാക്കിൽ പാറപ്പൊടി നിറച്ച് ഉപയോഗിക്കുന്നതിനു പകരം ചെമ്മണ്ണ് ഉപയോഗിക്കുന്നു

ഇറിഗേഷൻ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലും അനുവാദത്തോടും കൂടിയാണ് എസ്റ്റിമേറ്റ് പ്രകാരമല്ലാത്ത ഈ പണികൾ നടത്തുന്നത്

എസ്റ്റിമേറ്റ് തുകയുടെ പകുതി പണി പോലും പൂർത്തിയാക്കിയിട്ടില്ല.