കൊടുങ്ങല്ലൂർ: നഗരസഭയുടെ പദ്ധതി പണം ഒരു രൂപ പോലും നഷ്ടമായിട്ടല്ലെന്നും മറിച്ചുള്ള ബി.ജെ.പിയുടെ ആരോപണം വസ്തുതകൾക്ക് നിരക്കാത്തതാണെന്നും നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ പറഞ്ഞു. യാഥാർത്ഥ്യങ്ങൾക്ക് നിരക്കാത്ത കാര്യങ്ങൾ പറഞ്ഞ് പരത്തി ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുളവാക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. ഇത് കൊടുങ്ങല്ലൂരിൽ വിലപ്പോവില്ല. ഭവന നിർമ്മാണം, കുടിവെള്ള പദ്ധതി, പാലിന് ക്ഷീരകർഷകർക്ക് സബ്സിഡി തുടങ്ങിയ പദ്ധതികളെല്ലാം നഗരസഭ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ക്ഷീര കർഷകർക്കായി പാൽ സബ്സിഡി 10 ലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കഴിഞ്ഞാൽ ക്ഷീരകർഷകർക്കുള്ള പാൽ സബ്സിഡി വിതരണം ചെയ്യും. 1040 വീടുകൾ നിർമ്മിച്ചു കൊണ്ടിരിക്കുന്ന പദ്ധതി വളരെ ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നത്. പാവപ്പെട്ടവർക്കുള്ള 200 വീടുകളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ഒരു ഫണ്ട് പോലും നഷ്ടപ്പെടാതെ പദ്ധതി നടപ്പിലാക്കുമ്പോഴുള്ള ബി.ജെ.പിയുടെ അസഹിഷ്ണുതയാണ് ഇത്തരം സത്യവിരുദ്ധമായ പ്രചാരണത്തിന് പിന്നിലുള്ളത്. ബി.ജെ.പി കൗൺസിലർമാരും കൗൺസിലിന്റെ ഭാഗമാണെന്നു് ഓർക്കണമെന്നും നഗരസഭയുടെ ഊർജസ്വലമായ വികസനമുന്നേറ്റത്തിന് തടസമുണ്ടാക്കാതെ ഒപ്പം നിൽക്കാൻ തയ്യാറാകണമെന്നും നഗരസഭ ചെയർമാൻ കെ.ആർ. ജൈത്രൻ അഭ്യർത്ഥിച്ചു.