suresh
കഞ്ചാവ് കേസ് പ്രതികളായ അക്ബർ അലി,​ സുരേഷ്

തൃശുർ : ജില്ലയിൽ വിവിധയിടങ്ങളിൽ നിന്നായി പതിനൊന്ന് കിലോ കഞ്ചാവ് പിടിച്ചു. കുതിരാനിൽ നിന്ന് വാഹന പരിശോധനയ്ക്കിടെ പത്ത് കിലോയും തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 1.14 കിലോ കഞ്ചാവുമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവുമായി അസാം ഗോൾപര സ്വദേശിയായ അക്ബർ അലി എന്നയാളെ തൃശൂർ റെയിൽവേ പൊലീസും റെയിൽവേ ഡാൻസാഫ് സ്‌ക്വാഡും സംയുക്ത പരിശോധന നടത്തിയാണ് പിടികൂടിയത്. തമിഴ്‌നാട് അവിനാശി സ്വദേശി സുരേഷിനെയാണ് (42) നാഷണൽ ഹൈവേ, കുതിരാൻ ഭാഗത്ത് വാഹന പരിശോധനയ്ക്കിടെ പിടികൂടിയത്. കൈ കാണിച്ചിട്ടും നിറുത്താതെ കടന്നു കളഞ്ഞ ബൈക്ക് യാത്രികനെ സിനിമാ സ്‌റ്റൈലിൽ പട്ടിക്കാട് വച്ച് പിടികൂടുകയായിരുന്നു.

തൃശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസും സംഘവുമാണ് അറസ്റ്റ് ചെയ്തത്. വാഹന പരിശോധനയിൽ വി.എ ഉമ്മർ, അനന്ദൻ, അബ്ദുൾ ജബ്ബാർ, ഗിരിധർ, ബിബിൻ ഭാസ്‌കർ, നിധിൻ മാധവൻ തുടങ്ങിയവർ പങ്കെടുത്തു. അക്ബർ അലി, അസമിൽ നിന്ന് കഞ്ചാവ് വാങ്ങി തൃശൂരിലും പരിസര പ്രദേശങ്ങളിലും ഹിന്ദിക്കാർ താമസിക്കുന്ന സ്ഥലങ്ങളിൽ വിൽപന നടത്തും. അന്വേഷണ സംഘത്തിൽ പാലക്കാട് റെയിൽവേ ഡിവൈ.എസ്.പി ഷറഫുദ്ദീൻ, ഷൊർണൂർ സർക്കിൾ ഇൻസ്‌പെക്ടർ കീർത്തി ബാബു എന്നിവരുടെ നിർദ്ദേശ പ്രകാരം തൃശൂർ റെയിൽവേ പൊലീസ് സ്റ്റേഷൻ, എസ്.ഐ ബാബു, എസ്.സി.പി.ഒമാരായ ജോജോ, ജോസഫ്, ബാലകൃഷ്ണൻ, സി.പി.ഒമാരായ പ്രസാദ് , നിഖിൽ കൃഷ്ണ, അമിത്ത്, സതീഷ് കുമാർ , ഷാഹുൽ ഹമീദ് എന്നിവർ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. 15 ദിവസത്തിനുള്ളിൽ രണ്ടാം തവണയാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് കഞ്ചാവ് പിടികൂടുന്നത്.