തൃശൂർ: മദ്ധ്യവേനലവധി അവസാനിക്കാനിരിക്കെ സ്‌കൂൾ വിപണി സജീവമായി. സ്‌പൈഡർമാനും ഡോറയും ഉൾപ്പെടെയുള്ള കാർട്ടൂൺ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ പതിപ്പിച്ച ബാഗുകളും ബോക്‌സുകളും ഉൾപ്പെടെ പുതുമ നിറഞ്ഞ വിഭവങ്ങളും സ്‌കൂൾ വിപണിയിലെത്തി. കാൽക്കുലേറ്റർ ഘടിപ്പിച്ച സ്‌കൂൾ ബോക്‌സാണ് ഇത്തവണത്തെ പ്രധാന താരം.
ബാഗുകളുടെ വൈവിദ്ധ്യമാണ് ഇക്കുറിയും ആകർഷണം. സ്‌കൂബി ഡേ, കിറ്റെക്‌സ്, ഫാഷൻ, വേൾഡ് വൈഡ് എന്നീ ബാഗുകളിൽ സ്‌പൈഡർമാൻ, ബാർബി, ഡോറ എന്നിവയുടെ ചിത്രങ്ങളുള്ളവയോടാണ് കുട്ടികൾക്ക് പ്രിയം. 300 മുതൽ 1,000 രൂപ വരെയുള്ള ബാഗുകൾ വിപണി കീഴടക്കുകയാണ്. ത്രിഡി ബാഗുമുണ്ട്. കാൽക്കുലേറ്റർ ഘടിപ്പിച്ച സ്‌കൂൾ ബോക്‌സിന് ആവശ്യക്കാർ ഏറെയാണ്. ബോക്‌സ് തുറന്നാൽ അരികിൽ തന്നെ കാൽക്കുലേറ്ററും ഉണ്ട്. 130 മുതൽ 150 രൂപ വരെയാണ് ബോക്‌സുകളുടെ വില. വർണവൈവിദ്ധ്യത്തോടെയുള്ള മഴക്കോട്ടുകളും സജീവമാണ്.
സ്‌പൈഡർമാൻ പോലുള്ള കാർട്ടൂണുകൾ നിറഞ്ഞ റെയിൻകോട്ടുകൾക്കും ആവശ്യക്കാരേറെ. ബാഗ് ഇടാൻ സൗകര്യമുള്ള റെയിൻ കോട്ടുകളുമുണ്ട്. 700 മുതൽ 1,400 രൂപ വരെയാണ് റെയിൻകോട്ടുകളുടെ വില. കുട്ടികളുടെ റെയിൻകോട്ടിന് 250 മുതൽ 700 രൂപ വരെ വിലയുണ്ട്. നിറപ്പകിട്ടേകുന്ന വാട്ടർബോട്ടിലുകളേക്കാൾ ചൂടുവെള്ളം ഉപയോഗിക്കാൻ കഴിയുന്ന ബോട്ടിലുകൾക്കാണ് ഇക്കുറി ആവശ്യക്കാർ ഏറെ.
സ്‌പോർട്‌സ് ടൈപ്പ് വാട്ടർ ബോട്ടിലുകൾക്കും ആവശ്യക്കാരുണ്ട്. അമ്പത് രൂപ മുതലാണ് വാട്ടർ ബോട്ടിലുകളുടെ വില. നൂറ് രൂപ മുതലുള്ള ലഞ്ച് ബോക്‌സുകളുമുണ്ട്. പോപ്പിയും ജോൺസുമൊക്കെ തന്നെയാണ് കുടകളിലെ താരം. കൊച്ചുകുട്ടികൾക്കുള്ള ടോയ് കുടകൾക്ക് 80 രൂപ മുതലാണ് വില. 15 രൂപ മുതലുള്ള നോട്ടുബുക്കുകളും കടകളിലുണ്ട്. സ്‌കൂൾ ഉത്പന്നങ്ങൾക്ക് കഴിഞ്ഞ അദ്ധ്യയന വർഷത്തെ അപേക്ഷിച്ച് പൊതുവിപണിയിൽ 15 ശതമാനം വില വർദ്ധനവുണ്ട്. സ്‌കൂൾ ബാഗുകൾക്ക് 20 ശതമാനം വർദ്ധനവാണുള്ളത്.
സ്റ്റുഡന്റ് മാർക്കറ്റിൽ വിലക്കിഴിവ്
പൊതു വിപണിയെ അപേക്ഷിച്ച് കൺസ്യൂമർ ഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റിൽ 20 മുതൽ 40 ശതമാനം വരെ വിലക്കിഴിവുണ്ട്. നോട്ടുബുക്കുകൾ, ബാഗുകൾ, കുടകൾ, മറ്റ് പഠന സാമഗ്രികൾ എന്നിവയ്‌ക്കെല്ലാം വിലക്കിഴിവ് ബാധകമാണ്. ജില്ലയിൽ 45 ത്രിവേണി സൂപ്പർമാർക്കറ്റുകളിൽ സ്റ്റുഡന്റ് മാർക്കറ്റ് തുറന്നിട്ടുണ്ട്..