തൃശൂർ: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട അനർഹരെ കണ്ടെത്താൻ വീണ്ടും കർശന പരിശോധന. ഇക്കുറി മൂന്ന് വിഭാഗങ്ങളാക്കി തിരിച്ചാണ് പരിശോധന. താലൂക്ക് സപ്‌ളൈ ഓഫീസർമാരുടെ നേതൃത്വത്തിൽ റേഷനിംഗ് ഇൻസ്‌പെക്ടമാർ പരിശോധന നടത്തും. ജില്ലയിലെ 35,980 റേഷൻ കാർഡുകൾ പരിശോധനയ്ക്ക് വിധേയമാക്കും. 8,19,862 കാർഡ് ഉടമകളാണ് ജില്ലയിലുള്ളത്. ഇതിൽ 53,051 അന്ത്യോദയ അന്നയോജന കാർഡുകളും 2,77,403 ലക്ഷം മുൻഗണനാ കാർഡുകളുമുണ്ട്. ആറ് താലൂക്കുകളിലായി 65 വയസിന് മുകളിലുള്ളവർ മാത്രം അംഗങ്ങളായ 13,095 കാർഡുകളാണുള്ളത്. എല്ലാവരും ജീവിച്ചിരിപ്പുണ്ടോയെന്നും കണക്കെടുപ്പിൽ പാകപ്പിഴ വന്നിട്ടുണ്ടോയെന്നും പരിശോധിക്കും. ജില്ലയിൽ 17,165 സിംഗിൾ കാർഡുകളാണുള്ളത്. ഇവ ദുരുപയോഗം ചെയ്യുന്നുണ്ടോയെന്ന് കണ്ടെത്തും. മൂന്ന് മാസമായി റേഷൻ വാങ്ങാത്ത 5,720 കാർഡുടമകൾ എന്തുകൊണ്ട് റേഷൻ വാങ്ങുന്നില്ലെന്നുമാണ് പരിശോധിക്കുക. മുമ്പ് നടത്തിയ പരിശോധനയിലും അനർഹരെ കണ്ടെത്തി മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. സംസ്ഥാനത്തൊട്ടാകെ 3,16,960 കുടുംബങ്ങളെയാണ് മുൻഗണനാ വിഭാഗത്തിൽനിന്ന് ഒഴിവാക്കി അർഹരായ കുടുംബങ്ങളെ ഉൾപ്പെടുത്തിയത്.


 നിയമനടപടി തുടരും

വസ്തുതകൾ മറച്ചുവച്ച് മുൻഗണനാ പട്ടികയിൽ തുടരുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കും.
അനർഹമായി ഉൾപ്പെട്ട കാലയളവിലെ റേഷൻ വിഹിതത്തിലെ കമ്പോള വില ഈടാക്കാനാണ് ജില്ലാ സപ്ലൈ ഓഫീസർക്കും താലൂക്ക് സപ്ലൈ ഓഫീസർമാർക്കും സിവിൽ സപ്ലൈസ് ഓഫീസർമാർക്കും സിവിൽ സപ്ലൈസ് കമ്മിഷണർ നൽകിയ നിർദ്ദേശം.

 പരിശോധന മൂന്ന് വിഭാഗങ്ങളിൽ

1. കാർഡിലുൾപ്പെട്ട എല്ലാ അംഗങ്ങളും 65 വയസിന് മുകളിൽ പ്രായമുള്ളവർ
2. ഒരു അംഗം മാത്രമുള്ളവർ (സിംഗിൾ കാർഡ്),

3. മൂന്ന് മാസമായി റേഷൻ വിഹിതം വാങ്ങാത്തവർ


65 വയസിന് മുകളിലുള്ളവർ, റേഷൻ വാങ്ങാത്തവർ, ഒരു അംഗം മാത്രമുള്ളവർ എന്നിവരുടെ കണക്ക് യഥാക്രമം താലൂക്ക് തലത്തിൽ.


തൃശൂർ: 2943, 1040, 4444
തലപ്പിള്ളി: 2582. 949, 3395
ചാവക്കാട്: 1309, 1108, 1596
കൊടുങ്ങല്ലൂർ: 1133, 825, 1837
മുകുന്ദപുരം: 2007, 883, 1923
ചാലക്കുടി: 3121, 915,3398

 റിപ്പോർട്ട് ജൂൺ 22നുള്ളിൽ

അനർഹരെ കണ്ടെത്തി ഇവരെ മുൻഗണനാ വിഭാഗത്തിൽ നിന്നൊഴിവാക്കും. ഇതുസംബന്ധിച്ച റിപ്പോർട്ട് ജൂൺ 22നകം കൈമാറും- മനോജ്കുമാർ (ജില്ലാ സപ്ളൈസ് ഓഫീസർ)