ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ എട്ടാം വാർഡിൽ കെട്ടുങ്ങൽ പ്രദേശത്ത് കായലിൽ മാലിന്യം കെട്ടികിടക്കുന്നതിനാൽ ദുരിതത്തിലായി നാട്ടുകാർ. ജലം ഒഴുകി പോകാൻ പറ്റാത്തതിനാൽ മാലിന്യം കുമിഞ്ഞു കൂടി ചീഞ്ഞുനാറുന്നത് സഹിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് പ്രദേശവാസികളെ എത്തിച്ചിരിക്കുകയാണ്. നോമ്പ് ആയതിനാൽ പല വീട്ടുകാരും ദുർഗന്ധം നിമിത്തം വീട് മാറി പോയി. ഇവിടെ എത്തുന്ന പലർക്കും ഛർദ്ദി തുടങ്ങിയവും പിടിപെടുന്നു.
കടപ്പുറം പഞ്ചായത്തിലെ മറ്റ് പ്രദേശമായ പൂന്തുരുത്തിയിലും ഇതുപോലെ കായലിൽ മാലിന്യം നിറഞ്ഞു ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ഒരുമനയൂർ ലോക്കിന്റെ ഷട്ടർ ഉയർത്താൻ പറ്റാത്തത് കാരണം ഈ ഭാഗങ്ങളിൽ ഉള്ള വെള്ളം ഒഴുകി പോകുന്നതിന് തടസം നേരിടുകയാണ്. കനോലി കായലിൽ നിന്നും ചേറ്റുവ പുഴയിലേക്ക് വെള്ളം ശരിയായ രീതിയിൽ ഒഴുകിയാൽ പ്രശ്നത്തിന് പരിഹാരമാകുമെന്ന് നാട്ടുകാർ പറയുന്നു. പ്രശ്ന പരിഹാരത്തിന് ആരോഗ്യ വകുപ്പ് സ്ഥലം സന്ദർശിച്ചെങ്കിലും മാലിന്യം നീക്കം ചെയ്യാൻ കഴിയാത്തതിനാൽ ദുരിതം നാൾക്കുനാൾ കൂടിവരികയാണ്.