ഇരിങ്ങാലക്കുട : മതേതരമായ സംസ്‌കാരത്തിന്റെ നേർക്കാഴ്ചയാണ് കൂടൽമാണിക്യം ഉത്സവാഘോഷമെന്ന് ദേവസ്വം മന്ത്രി കടകംപിള്ളി സുരേന്ദ്രൻ. ക്ഷേത്രത്തിലെത്തിയ ശേഷം ഉത്സവാഘോഷ പരിപാടികളും ദേവസ്വത്തിന്റെ പ്രവർത്തനങ്ങളും വിലയിരുത്തിയ ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ ദേവസ്വം നടത്തുന്ന ശ്രമങ്ങൾ കാണാതിരിക്കാനാവില്ല.
ദേവസ്വം ഓഫീസിലെത്തിയ മന്ത്രിയെ ചെയർമാൻ യു. പ്രദീപ് മേനോനും അഡ്മിനിസ്‌ട്രേറ്റർ എ.എം സുമയും ഭരണസമിതി അംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഉത്സവാഘോഷ പരിപാടിയോടനുബന്ധിച്ച് ഗ്രീൻ പ്രോട്ടോകോൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ചെയർമാൻ മന്ത്രിയെ അറിയിച്ചു. ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ള സി.സി.ടി.വി കാമറകളുടെ പ്രവർത്തനം ദേവസ്വം ഓഫീസിലിരുന്ന് മന്ത്രി പരിശോധിച്ചു. സി.സി.ടി.വികൾ ക്ഷേത്രത്തിന് സമർപ്പിച്ച പ്രവാസി വ്യവസായി നിസാർ അഷറഫിനെ മന്ത്രി പൊന്നാടയും ഉപഹാരവും നൽകി ആദരിച്ചു. പ്രൊഫ.കെ.യു അരുണൻ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ.ബി മോഹനൻ, ഭരണസമിതി അംഗങ്ങൾ, ഉത്സവാഘോഷ കമ്മിറ്റി ഭാരവാഹികൾ, സി.പി.എം ഏരിയ സെക്രട്ടറി കെ.സി പ്രേമരാജൻ, കൗൺസിലർ പി.വി ശിവകുമാർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
................
കൂടൽമാണിക്യം ക്ഷേത്രത്തിലേക്ക് സി.സി.ടി.വികൾ സമർപ്പിച്ച പ്രവാസി വ്യവസായി നിസാർ അഷറഫിനെ മന്ത്രി കടകംപിള്ളി സുരേന്ദ്രൻ പെന്നാടയണിയിച്ച് ഉപഹാരം നൽകി ആദരിക്കുന്നു.