ചെങ്ങാലൂർ: കാറ്റിലും മിന്നലിലും ചെങ്ങാലൂരിലും വേലുപാടത്തും നാശനഷ്ടം. വെള്ളിയാഴ്ച രാത്രി ഉണ്ടായ മഴയോടൊപ്പം ഉണ്ടായ കാറ്റിലും മിന്നലിലുമാണ് നാശനഷ്ടങ്ങൾ ഉണ്ടായത്. രണ്ടാംകല്ല് എടുത്തുട്ട് ശങ്കരൻ കുട്ടിയുടെ ഓട് വീട് തെങ്ങ് വീണ് തകർന്നു. വീട്ടിൽ ശങ്കരൻ കുട്ടിയും ഭാര്യയും മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. വേലുപാടത്ത് മിന്നലിൽ അമ്പലഭവൻ ഫൈസൽ, അറിപ്പുറം മൊയ്തീൻ എന്നിവരുടെ വ്യാപാര സ്ഥാപനങ്ങളിലെ വൈദ്യുത ഉപകരണങ്ങൾ കത്തിനശിച്ചു. വേലുപാടം കുണ്ടുകടവ് ദേവസിയുടെ തെങ്ങ് കത്തി . മിക്കയിടങ്ങളിലും വൈദ്യുതി ലെയിനിന് മുകളിൽ മരങ്ങൾ വീണ് വൈദ്യുതി ബന്ധം തകരാറിലായി.