ചാലക്കുടി: തൈലേറിയ രോഗം പടരുന്നതിൽ ക്ഷീരകർഷകർക്ക് ആശങ്ക. ക്ഷീര വികസന വകുപ്പിന്റെ പദ്ധതിയുടെ ഭാഗമായി പശുക്കളെ വാങ്ങിയവരാണ് ഭീതിയുടെ നിഴലിലായത്. മേലൂർ, കാടുകുറ്റി പഞ്ചായത്തുകളിൽ ഇരുപതോളം പശുക്കൾ തൈലേറിയ പിടിപെട്ട് ചത്തതോടെയാണ് മറ്റു കർഷകരും അങ്കലാപ്പിലായത്. പലയിടത്തും രോഗം പിടിപെട്ട് ഉരുക്കൾ ചികിത്സയിലാണ്. അതിരപ്പിള്ളി ഒഴികെയുള്ള മറ്റെല്ലാ പഞ്ചായത്തുകളിലും പശുക്കൾ രോഗ ഭീഷിണി നേരിടുന്നുണ്ട്.
രണ്ടാഴ്ചക്കുള്ളിൽ മേലൂർ പഞ്ചായത്തിലെ മുരിങ്ങൂരിൽ രണ്ടു പശുക്കൾ തൈലേറിയ പിടിപെട്ട് ചത്തു. കണ്ണമ്പുഴ ജോസിന്റെ പശു രണ്ടു ദിവസം മുമ്പാണ് ചത്തത്. ജ്യേഷ്ഠൻ ബാബുവിന്റേതാണ് ചത്ത മറ്റൊരുപശു. കാടുകുറ്റിയിൽ പത്തോളം എണ്ണം ചത്തെന്നാണ് വിവരം. ക്ഷീര വികസന വകുപ്പിന്റെ സബ്‌സിഡി പ്രകാരം ഇതര സംസ്ഥാനങ്ങളിൽ നിന്നും വാങ്ങിയ പശുക്കളിലാണ് രോഗം വ്യാപകമാകുന്നത്. പട്ടുണ്ണിയിൽ നിന്നാണ് രോഗം പടരുന്നതെന്ന് പറയുന്നു. രോഗമുള്ള പശുക്കളേയാണ് പരിശോധകളൊന്നുമില്ലാതെ കർഷകർ നാട്ടിലെത്തിക്കുന്നത്. രണ്ടും മൂന്നും മാസങ്ങൾക്കുള്ളിൽ രോഗലക്ഷണങ്ങൾ പ്രടകമാകും. രക്ത പരിശോധന നടത്തി രോഗം സ്ഥിരീകരിച്ചു വരുമ്പോഴേക്കും അവ അപകട നില തരണം ചെയ്യാൻ കഴിയാത്ത അവസ്ഥിയിലുമാകും.
ക്ഷീര വികസന വകുപ്പ് സബ്‌സിഡി നൽകുന്നതിനാൽ വാങ്ങുന്ന പശുക്കൾക്കെല്ലാം ഇൻഷ്വറൻസ് പരിരക്ഷയുണ്ട്. എങ്കിലും ചികിത്സയിനത്തിലും അനുബന്ധ പ്രവർത്തനങ്ങൾക്കുമായി വലിയ തുകയാണ് കർഷകരുടെ പോക്കറ്റിൽ നിന്നും പോകുന്നത്. പാൽ ലഭിക്കാത്തതിന്റെ നഷ്ടം വേറെയും. ക്ഷീര വികസന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന പദ്ധതിയിൽ തൈലേറിയ വരുത്തിവയ്ക്കുന്ന വിന ചെറുതല്ല.
............................................
ഭാരിച്ച ചെലവു വരുന്ന ചികിത്സ പലപ്പോഴും ഫലപ്രദമാകാറില്ല. നാക്ക് പുറത്തുവരികയും വായിൽ നിന്ന് സ്ഥിരമായി വെള്ളമൊഴുകുന്നതുമാണ് രോഗലക്ഷണങ്ങൾ. പകൽ സമയത്താണ് ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നത്. പിന്നീട് കിടന്നിടത്തു നിന്ന് എഴുന്നേൽക്കാൻ കഴിയാതെ ഇവ കണ്ണടക്കും.
കണ്ണമ്പുഴ ജോസ് (ചത്ത പശുവിന്റെ ഉടമ)