ചെമ്മാപ്പിള്ളി : കഞ്ചാവ്-ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനം മൂലം ക്രമസമാധാനം താറുമാറായ പെരിങ്ങോട്ടുകരയിൽ പുതിയ പൊലീസ് സ്‌റ്റേഷൻ നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഗീത ഗോപി എം.എൽ.എ പറഞ്ഞു. കഞ്ചാവ് മാഫിയകളെ അടിച്ചമർത്താൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും എം.എൽ.എ. കൂട്ടിച്ചേർത്തു. ലഹരി വസ്തുക്കളെയും അവയുടെ ഉപയോഗത്തെയും ചെറുക്കുവാനായി എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിൽ ചെമ്മാപ്പിള്ളിയിൽ സംഘടിപ്പിച്ച യുവജന പ്രതിരോധസംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു എം.എൽ.എ. എ.ഐ.വൈ.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. സന്ദീപ് സംഗമം ഉദ്ഘാടനം ചെയ്തു. താന്ന്യം പഞ്ചായത്തിലെ കഞ്ചാവ് മാഫിയ സംഘത്തിലെ ക്രിമിനലുകൾക്ക് രാഷ്ട്രീയപാർട്ടികൾ അഭയം നൽകരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചേർപ്പ് റേഞ്ച് എക്‌സൈസ് എസ്.ഐ. ജയചന്ദ്രൻ ബോധവത്കരണ ക്ലാസ് എടുത്തു. കെ.എസ്. അനൂപ് അദ്ധ്യക്ഷനായി. താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, രാകേഷ് കണിയാപറമ്പിൽ, സുബിൻ നാസർ, ഷീന പറയങ്ങാട്ടിൽ, രാഹുൽ പ്രകാശ്, കെ.എ. ഐശ്വര്യ, ടി.വി. ദീപു എന്നിവർ പ്രസംഗിച്ചു. കഞ്ചാവ്, മയക്കുമരുന്ന് എന്നിവയുടെ ദൂഷ്യഫലങ്ങളിൽ നിന്ന് യുവജനങ്ങളെയും വിദ്യാർത്ഥികളെയും പൂർണ്ണമായി വിമുക്തരാക്കാനായി വീടുകൾ കയറിയുള്ള കാമ്പയിനും ലഘുലേഖ വിതരണം ആരംഭിച്ചതായി നേതാക്കൾ അറിയിച്ചു. ഓരോ പ്രദേശങ്ങൾ കേന്ദ്രീകരിച്ചും വിദ്യാലയങ്ങളിലും എക്‌സൈസ് വകുപ്പുമായി സഹകരിച്ച് ബോധവത്കരണ ക്ലാസുകളും നടത്തും.