ചാലക്കുടി: വികാരിയച്ചനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമമുണ്ടായ മുരിങ്ങൂർ സാൻജോ നഗർ പള്ളിയിലെ ഇടവകക്കാർ ഇപ്പോഴും ജാഗ്രതയിൽ. ഏത് സമയത്തും പൊലീസ് വീണ്ടും എത്തുമെന്നാണ് ഇവർ കരുതുന്നത്. ഞാറാഴ്ചയിലെ കുർബാനകൾക്ക് മറ്റൊരു അച്ചനാണ് കാർമ്മികനായത്. ശനിയാഴ്ച രാത്രി പത്തോടെയാണ് സെന്റ് ജോസഫ് പള്ളി പരിസരത്ത് വിശ്വാസികൾ തടിച്ചുകൂടിയത്.
വികാരി ഫാ. ആന്റണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാൻ അലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പൊലീസ് എത്തിയതോടെ പള്ളിയിലുണ്ടായിരുന്നവർ കൂട്ട മണിയടിച്ച് വീണ്ടും ആളെക്കൂട്ടി. അഞ്ഞൂറോളം പേരുടെ കൂട്ട പ്രതിഷേധം പ്രകടിപ്പിച്ചപ്പോൾ പൊലീസ് സംഘത്തിന് തിരിച്ചു പോകേണ്ടി വന്നു. പൊലീസ് എത്തുന്നതിന് മുമ്പ് വികാരിയെ പള്ളിയിൽ നിന്ന് മാറ്റിയെന്നാണ് വിവരം. സ്ത്രീകളും കുട്ടികളുമടക്കം പള്ളിയിൽ തമ്പടിച്ച വിശ്വാസികൾ നേരം പുലർന്നപ്പോഴാണ് പിരിഞ്ഞു പോയത്. സീറോ മലബാർ സഭ അർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി പിതാവിനെതിരെ വ്യാജരേഖയുണ്ടാക്കിയെന്ന കേസിലാണ് ഫാ. ആന്റണി കല്ലൂക്കാരനെ അറസ്റ്റ് ചെയ്യാൻ പൊലീസെത്തിയത്. 300 കോടി രൂപയുടെ സ്വത്ത് അപഹരണ കേസിൽ എറണാകുളം ജില്ലയിലെ ആദിത്യൻ എന്ന യുവാവാണ് ആലഞ്ചേരി പിതാവിനെതിരെ രേഖകൾ കൈവശപ്പെടുത്തിയതെന്നും ഈ രേഖകൾ ഫാ. കല്ലൂക്കാരന് നൽകിയെന്നും പറയുന്നു.
എന്നാൽ പൊലീസിന്റെ പക്കലെത്തിയ പ്രസ്തുത രേഖകൾ സാൻജോ നഗർ പള്ളി വികാരിയുടെ സൃഷ്ടിയാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇതിനിടെ ആദിത്യൻ മൊഴി മാറ്റി പറയുകയും ചെയ്തു. ഇതേത്തുടർന്നാണ് പള്ളി വികാരിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം ആരംഭിച്ചത്.