ചാലക്കുടി: ട്രാഫിക് കമ്മിറ്റിയുടെ തീരുമാനങ്ങൾ നടപ്പാക്കുമെന്ന് നഗരസഭയും അനുകൂലിക്കില്ലെന്ന് ഒരുവിഭാഗം ബസുടമകളും പറയുമ്പോൾ ഇന്നു മുതൽ നഗരത്തിലെ ഗതാഗത പ്രശ്‌നം സങ്കീർണ്ണമാകുമെന്ന ആശങ്ക ഉയരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനമാണ് ഭേദഗതികളോടെ തിങ്കളാഴ്ച മുതൽ നടപ്പാക്കാൻ പോകുന്നത്.
മാള മേഖലയിലേക്കുള്ള സ്വകാര്യ ബസുകൾ പഴയപടി കെ.എം.വി സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി സർവീസ് നടത്തണമെന്നാണ് ഇപ്പോഴത്തെ തീരുമാനം. പിന്നീട് സർവീസ് റോഡിൽകൂടി സൗത്ത് ജംഗ്ഷനിലെ മേൽപ്പാലത്തിനടിയിലൂടെ മാളയിലേക്ക് പോകണം. മാളയിൽ നിന്നും തിരിച്ചുള്ള സർവീസും ഇതുപോല ആയിരിക്കും. എന്നാൽ ഇത് സമയ നഷ്ടമുണ്ടാക്കുമെന്ന് ഒരു കൂട്ടം ബസുടമകളും തൊഴിലാളികളും ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ ഗതാഗതക്കുരുക്കും വളഞ്ഞ വഴിയെയുള്ള സർവീസിന് തടസമാണെന്നും അവർ പറയുന്നു. മെയിൻ റോഡിലെ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് ഒഴിവാക്കുമെന്ന് ട്രാഫിക്ക് കമ്മിറ്റി ഉറപ്പു നൽകിയതോടെ എതിർ ചേരിയിൽ നിന്നിരുന്ന മറ്റൊരു വിഭാഗം ബസുടമകൾ പിന്നീട് നിലപാട് മാറ്റി പുതിയ തീരുമാനം അംഗീകരിക്കാമെന്നേറ്റു. പയ്യപ്പിള്ളി ജോൺസൺ, ജോഷി പാഴായി തുടങ്ങിയവർ നേതൃത്വം നൽകുന്ന ബസുടമ സംഘങ്ങളാണ് ഇനിയും മുഖം തിരിച്ചുനിൽക്കുന്നത്. തീരുമാനം അംഗികരിക്കാത്ത ബസുകൾക്ക് നേരെ നടപടിയുണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.