ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വത്തിന്റെ ആനയായ മേഘാർജ്ജുനന് ഉത്സവസമ്മാനമായി പുതിയൊരു പട്ടം കൂടി ഗജശ്യാമവർണ്ണൻ. മേഘാർജ്ജുനന്റെ ആരാധകരുടെ വാട്ട്‌സാപ്പ് കൂട്ടായ്മയായ താമരചെവിയൻ ഗ്രൂപ്പിന്റെ നേതൃത്വത്തിലാണ് ആനയ്ക്ക് പുതിയ പട്ടം സമർപ്പണം നടത്തിയത്. കൂടൽമാണിക്യം കിഴക്കെ നടയിൽ നടന്ന പരിപാടിയിൽ പത്മശ്രീ ജേതാക്കളായ പെരുവനം കുട്ടൻ മാരാരും മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ചേർന്ന് ആനയ്ക്ക് പട്ടം സമർപ്പിച്ചു. ചടങ്ങിൽ ആനയുടെ കുട്ടിക്കുറുമ്പുകൾക്ക് വിരാമമിട്ട് നല്ലവഴി നടത്തിച്ച അഞ്ച് പേരെ ആദരിച്ചു.

ആനയെ നടയിരുത്തിയ തെക്കെമഠം സുരേഷ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ എ.എം. സുമ, ആന ചികിത്സ വിദഗ്ദ്ധൻ ഡോ. പി.വി. ഗിരിദാസ്, ആന പാപ്പാൻ മുരിയാട് ബിജു, എലഫന്റ് കോ- ഓർഡിനേറ്റർ ധീരജ് പുത്തൂർ എന്നിവരെയാണ് ആദരിച്ചത്. താമരചെവിയൻ ഗ്രൂപ്പ് അംഗം അപ്പു അർജ്ജൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ദേവസ്വം ചെയർ യു. പ്രദീപ് മേനോൻ അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം ശ്രേയ രമേഷ്, ദേവസ്വം ഭരണസമിതി അംഗങ്ങളും, നൂറ് കണക്കിന് ആന ആരാധകരും ചടങ്ങിൽ പങ്കെടുത്തു.

വാട്ട്‌സാപ്പ് കൂട്ടായ്മയിലെ അപ്പു അർജ്ജുൻ എന്ന കലാകാരന്റ ഭാവനയിൽ വിരിഞ്ഞ കൂടൽമാണിക്യം സ്വാമിയുടെ വജ്രയുധങ്ങൾ ശംഖ് ചക്ര ഗദാ അക്ഷമാലയുടെയും രൂപത്തിലാണ് പട്ടം നിർമ്മിച്ചിരിക്കുന്നത്.