തൃപ്രയാർ: പച്ചക്കറി മേഖലയിൽ സമൂലമായ മാറ്റം ഉണ്ടാക്കുന്നതിന്റെ ഭാഗമായി വലപ്പാട് പഞ്ചായത്തും, സർവീസ് സഹകരണ ബാങ്കും, കർഷക സംഘവും, കുടുംബശ്രീയും സംയുക്തമായി വിവിധയിടങ്ങളിൽ കൃഷി ചെയ്ത ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് മഹോത്സവം നടത്തി. തിങ്കളാഴ്ച രാവിലെ സർവീസ് സഹകരണ ബാങ്കിന്റെ നീതി സ്റ്റോർ പരിസരത്ത് കർഷക സംഘം ജില്ലാ പ്രസിഡന്റ് മുരളി പെരുനെല്ലി എം.എൽ.എ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.

വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ കെ തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വലപ്പാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രാജിഷ ശിവജി, സി.ഡി.എസ് ചെയർപേഴ്സൺ മല്ലിക ദേവൻ , ബാങ്ക് സെക്രട്ടറി റെസീന, സംയോജിത കൃഷി ജില്ലാ ജോയിന്റ് കൺവീനർ ഡോ. സിൽവൻ, പൊതുപ്രവർത്തകരായ കെ.കെ ജിനേന്ദ്രബാബു, വി.ആർ ബാബു തുടങ്ങിയവർ സംസാരിച്ചു. അഞ്ച് ഏക്കർ സ്ഥലത്താണ് ക്യഷി നടത്തിയത്. പഞ്ചായത്തിലെ എല്ലാ വീടുകളിലും പച്ചക്കറി ക്യഷി പദ്ധതി ഇതോടെ വ്യാപിപ്പിക്കും.

ഇന്ന് രാവിലെ 9ന് വലപ്പാട് ചന്തപ്പടിയിൽ പച്ചക്കറിയുടെ വിപണനോദ്ഘാടനം ഗീതഗോപി എം . എൽ . എ നിർവഹിക്കും