തൃശൂർ: വിലയിരുത്തലുകളും കൂട്ടിക്കിഴിക്കലുകളും കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോൾ എക്‌സിറ്റ് പോളിൽ വിശ്വാസമർപ്പിക്കുകയാണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ്. അതേസമയം, പ്രവചനങ്ങളെ പാടെ തള്ളുകയാണ് എൽ.ഡി.എഫും ബി.ജെ.പിയും. ചാനലുകൾ പുറത്തുവിട്ട എക്‌സിറ്റ് പോളിൽ ഒന്ന് യു.ഡി.എഫിന് തൃശൂരിൽ മേൽക്കൈ പ്രവചിക്കുമ്പോൾ ഒരെണ്ണം ഫോട്ടോ ഫിനിഷിംഗ് ആണ് പ്രവചിക്കുന്നത്.

നേരത്തെ എൽ.ഡി.എഫ് യു.ഡി.എഫ് എന്ന രീതിയിലായിരുന്നു മത്സരങ്ങളെങ്കിൽ ഇത്തവണ സുരേഷ് ഗോപിയുടെ വരവോടെ ത്രികോണ മത്സരത്തിലേക്ക് നീങ്ങി. യു.ഡി.എഫിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സീറ്റ് പിടിച്ചെടുത്ത എൽ.ഡി.എഫിനെ സംബന്ധിച്ച് ഇത് നിലനിറുത്തേണ്ടത് അഭിമാന പ്രശ്‌നമാണ്. സി.പി.ഐയ്ക്ക് രാജ്യത്തുള്ള ഏക എം.പിയായിരുന്നു തൃശൂരിലേത്.

സിറ്റിംഗ് എം.പിയെ മാറ്റിയാണ് രാജാജി മാത്യു തോമസിനെ മത്സരിപ്പിച്ചത്. ഈ തീരുമാനം ശരിയാണെന്ന് തെളിക്കേണ്ട ബാദ്ധ്യതയും നേതൃത്വത്തിനുണ്ട്. ഏറ്റവും ആദ്യം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുകയും സജീവമായ പ്രവർത്തനം നടത്തുകയും ചെയ്തത് എൽ.ഡി.എഫായിരുന്നു. പിന്നീട് യു.ഡി.എഫും ഏറ്റവും അവസാനം എൻ.ഡി.എയും രംഗപ്രവേശം ചെയ്തതോടെ മത്സരത്തിന് വീറും വാശിയും കൂടി. എക്‌സിറ്റ് പോൾ ഫലത്തിൽ എൽ.ഡി.എഫ് അല്ലെങ്കിൽ യു.ഡി.എഫ് വളരെ ചെറിയ വ്യത്യാസത്തിൽ ആയിരിക്കും വിജയിക്കുകയെന്നും സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്യുമെന്നാണ് പ്രവചനം.

തിരഞ്ഞെടുപ്പിന് ശേഷം നടന്ന അവലോകനങ്ങളിൽ പാർട്ടി തലത്തിൽ മൂന്ന് മുന്നണികളും തങ്ങളുടെ വിജയം സുനിശ്ചിതമായിരിക്കുമെന്ന് അവകാശപ്പെടുന്നുണ്ട്. എന്നാൽ എതാനും ദിവസം മുമ്പ് കെ.പി.സി.സി യോഗത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥി തന്റെ വിജയത്തിൽ ആശങ്ക പ്രകടപ്പിച്ചത് പാർട്ടിക്കുള്ളിൽ വിവാദത്തിന് തിരികൊളുത്തിയിരുന്നു.

......................


തുടക്കം മുതൽ ഒടുക്കം വരെ ചിട്ടയായ പ്രവർത്തനം നടത്തിയത് എൽ.ഡി.എഫാണ്. അതിനാൽ കഴിഞ്ഞ തവണത്തേക്കാൾ മികച്ച വിജയം ലഭിക്കും. എക്‌സിറ്റ് പോളുകൾ തൃശൂരിന്റെ കാര്യത്തിൽ പലപ്പോഴും തെറ്റിയിട്ടുണ്ട്. 2004 ലും 2014 ലും എൽ.ഡി.എഫ് പരാജയപ്പെടുമെന്നായിരുന്നു പ്രവചനം. എന്നാൽ ഫലം വന്നപ്പോൾ മികച്ച വിജയം നേടാൻ കഴിഞ്ഞു. ഇത് ഓർമ്മയിൽ ഉണ്ടാകുന്നത് നല്ലതാണ്.

(കെ.പി. രാജേന്ദ്രൻ, എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ)

....................

എൽ.ഡി.എഫിൽ നിന്നും യു.ഡി.എഫിൽ നിന്നും വോട്ടുകൾ സുരേഷ് ഗോപിക്ക് പോയിട്ടുണ്ടാകാം. എന്നാൽ കൂടുതലും എൽ.ഡി.എഫിൽ നിന്നാകാനാണ് സാദ്ധ്യത. സുരേഷ് ഗോപി പോയ വോട്ടുകൾ എണ്ണം ഭൂരിപക്ഷത്തിന്റെ തോത് കുറയ്ക്കുമെങ്കിലും യു.ഡി.എഫ് വിജയിച്ചു കയറുമെന്ന് തീർച്ചയാണ്. മോദി ഭരണത്തിനെതിരെയും സംസ്ഥാനത്തെ എൽ.ഡി.എഫ് സർക്കാരിനെതിരെയുമുള്ള വികാരവും യു.ഡി.എഫിന് നേട്ടമായി മാറും.

(ജോസ് വള്ളൂർ, ഡി.സി.സി വൈസ് പ്രസിഡന്റ്)

..................

രണ്ടാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരമാണ് എൽ.ഡി.എഫും യു.ഡി.എഫും നടത്തിയത്. എക്‌സിറ്റ് പോളുകളിൽ പറയുന്ന പോലെ ബി.ജെ.പി മൂന്നാം സ്ഥാനത്താകില്ല. സ്ഥാനാർത്ഥിയുടെ വ്യക്തിപ്രഭാവവും അതോടൊപ്പം തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് തന്നെ നടത്തിയ സംഘടനാ പ്രവർത്തനവും എൻ.ഡി.എക്ക് ഗുണകരമായി. രണ്ട് മുന്നണികളും 23 ന് ഞെട്ടും.

(എ. നാഗേഷ് , ബി.ജെ.പി ജില്ലാ പ്രസിഡന്റ് )...