തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ ലോക്‌സഭാ മണ്ഡലം വോട്ടെണ്ണൽ നടക്കുന്ന തൃശൂർ ഗവ. എൻജിനീയറിംഗ് കോളേജ് ജില്ലാ കളക്ടർ ടി.വി അനുപമ സന്ദർശിച്ചു. ക്രമീകരണങ്ങൾ വിലയിരുത്തി. വോട്ടെണ്ണൽ ഹാൾ, മീഡിയ സെന്റർ എന്നിവയ്ക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പ് വരുത്താൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
വിപുലമായ മീഡിയ സെന്ററാണ് വോട്ടെണ്ണലിന്റെ ഭാഗമായി ഗവ. എൻജിനിയറിംഗ് കോളേജ് അക്കാഡമിക് ഹാളിൽ ഒരുക്കുക. ജില്ലാതല വോട്ടിംഗ് നില, സംസ്ഥാനതല വോട്ടിംഗ് നില എന്നിവ എൽ.സി.ഡി പ്രോജക്ടറുടെ സഹായത്തോടെ മീഡിയ സെന്ററിൽ കാണാൻ സൗകര്യമൊരുക്കും. ഇന്റർനെറ്റ്, കണക്ടവിറ്റി, കമ്പ്യൂട്ടർ, ടി വി തുടങ്ങിയ സംവിധാനങ്ങളും ഏർപ്പെടുത്തും. വോട്ടെണ്ണൽ ദിനമായ മേയ് 23 ന് രാവിലെ മുതൽ മീഡിയ സെന്റർ പ്രവർത്തനം തുടങ്ങും.