മാള : അഷ്ടമിച്ചിറയിൽ പഞ്ചായത്ത് തോട് സ്വകാര്യ വ്യക്തി കൈയേറി നിർമ്മാണം നടത്തിയത് സംബന്ധിച്ചുള്ള പരാതിയിൽ താലൂക്ക് സർവേയർ നടപടികൾ തുടങ്ങി. മാള പഞ്ചായത്തിന്റെ പരാതിയിലാണ് താലൂക്ക് സർവേയർ സ്ഥലം അളവെടുപ്പ് നടപടികൾ ആരംഭിച്ചത്. അഷ്ടമിച്ചിറയിലെത്തിയ ചാലക്കുടി താലൂക്ക് സർവേയർ പി.വി. ബിന്ദുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യ ദിവസം അതിർത്തി കല്ല് കണ്ടെത്തി പ്രാഥമിക നടപടികളാണ് പൂർത്തിയാക്കിയത്.
പഞ്ചായത്തിന്റെ തോട് വ്യാപകമായി കൈയേറി നിർമ്മാണം നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. കൈയേറ്റത്തിന്റെ വ്യാപ്തി നിയമപരമായി നിർണ്ണയിക്കാനാണ് അളവെടുപ്പ് നടക്കുന്നത്. പഞ്ചായത്ത് തോടിന് വില്ലേജ് രേഖകളിൽ തുടക്കത്തിൽ മൂന്ന് മീറ്റർ ആറ് സെന്റീമീറ്ററും പ്രധാന റോഡിനടുത്ത് മൂന്ന് മീറ്റർ 20 സെന്റീമീറ്ററും വീതിയുണ്ട്. എന്നാൽ തോടിന്റെ വീതി പല സ്ഥലത്തും ഒരു മീറ്റർ പോലും ഇല്ലാത്ത അവസ്ഥയിലാണ്. കൂടാതെ പ്രധാന റോഡിനടുത്ത് തോടിന് കുറുകെ സ്ഥിരം നിർമ്മാണം നടത്തിയിരിക്കുകയാണ്. പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് സ്വകാര്യ വ്യക്തി അനധികൃതമായി നിർമ്മാണം നടത്തിയിട്ടുള്ളത്. പഞ്ചായത്ത് അധികൃതരെ വെല്ലുവിളിച്ച് നടത്തിയ നിർമ്മാണത്തിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. എന്നാൽ നിർമ്മാണം പൊളിച്ചുനീക്കാൻ പഞ്ചായത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവിടെ കൈയേറ്റം നടത്തിയിരിക്കുന്ന സ്വകാര്യ വ്യക്തി സമാനമായ രീതിയിൽ കൈയേറ്റങ്ങൾ നടത്തിയിട്ടുള്ളതായി നേരത്തെ പരാതിയുണ്ടായിരുന്നു...