ചാഴൂർ: പെരിങ്ങോട്ടുകര - പള്ളിപ്പുറം റോഡിലെ പ്രധാന അപകട വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. രണ്ട് മാസം മുമ്പ് റബറൈസ് ചെയ്ത റോഡിലൂടെ ചീറിപ്പാഞ്ഞ വാഹനങ്ങൾ മുന്നറിയിപ്പ് ബോർഡ് ഇല്ലാത്തതിനാൽ വളവുകളിൽ കൂട്ടിയിടിച്ച് ഇരുപതിലധികം അപകടം നടന്നിരുന്നു. കലുങ്ക് നിർമ്മാണവും, കിണർ, ബസ് സ്റ്റോപ്പ്, കോൺക്രീറ്റ് കാനനിർമ്മാണവും വരെ നടത്തിയിരുന്നെങ്കിലും വളവുകളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാത്തത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തുടർന്ന് മാദ്ധ്യമങ്ങളിൽ വാർത്ത വന്നതോടെയാണ് രണ്ടു വളവുകളിലും മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചത്. എന്നാൽ ഇതു കൊണ്ടു മാത്രം അപകടം കുറയുമെന്ന് കരുതുന്നില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം. വേഗം കുറയ്ക്കാനുള്ള മാർഗങ്ങൾ റോഡിലും കൂടി ചെയ്യേണ്ടതുണ്ട്. ഹമ്പുകളോ, സ്പീഡ് ബ്രേക്കറുകളോ അടിയന്തരമായി സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്...