guruvayoor

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിനകത്ത് തുരങ്ക പാത നിർമ്മിക്കാനുള്ള ദേവസ്വം ബോർഡ് നീക്കത്തിൽ എതിർപ്പുമായി സംഘടനകൾ. പുതിയ പരിഷ്‌കാരങ്ങളും നിർമ്മാണങ്ങളും നടപ്പാക്കുമ്പോൾ ക്ഷേത്ര പരിസരം വികൃതമാക്കരുതെന്ന് ഗുരുവായൂരപ്പ തീർത്ഥാടക ക്ഷേമസമിതി ആവവശ്യപ്പെട്ടു.

ക്ഷേത്ര മതിലിന് ചുറ്റും നൂറ് മീറ്റർ ഭൂമിയെടുത്ത് മതിൽകെട്ടി ക്ഷേത്രത്തിന്റെയും തീർത്ഥാടകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ഹൈക്കോടതിയും സുപ്രീം കോടതിയും സെൻട്രൽ ഇന്റലിജന്റ്സും ആവശ്യപ്പെട്ടിട്ടുള്ളത്. ക്ഷേത്രത്തറയും മതിലുകളും ദുർബലമാണെന്നും അതിനാൽ ക്ഷേത്രത്തിനകത്തേക്ക് തുരങ്കം നിർമ്മിക്കാനുള്ള നീക്കത്തിൽ നിന്നും ഭരണസമിതി പിന്മാറണമെന്നും സമിതി പ്രസിഡന്റ് സുകുമാരൻ മാസ്റ്റർ ആവശ്യപ്പെട്ടു.

വാസ്തു വിദഗ്ദ്ധനും താന്ത്രികാചാര്യനും ഭരണാധികാരികളെ തൃപ്തിപ്പെടുത്താനാണ് സമ്മതം നൽകിയിട്ടുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷേത്രത്തിന്റെ പരിപാവനതയ്ക്കും വിശ്വാസ്യതയ്ക്കും, അനുഷ്ഠാനത്തിനും വിരുദ്ധമായി ക്ഷേത്രത്തിന് അകത്തേക്ക് തുരങ്കം നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.

വിശ്വാസികൾ ചൈതന്യവും, ആത്മാവും ആയി കരുതിപ്പോരുന്ന മതിൽക്കെട്ടും പ്രദക്ഷിണ വരിയും തുരന്ന് നിർമ്മിക്കുന്ന അടിപ്പാത വേദന നൽകുന്നതും വൃത്തിയെ ബാധിക്കുന്നതുമായിരിക്കുമെന്ന് യോഗം വിലയിരുത്തി. മണ്ഡലം പ്രസിഡന്റ് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി. ഭഗവതി ക്ഷേത്രത്തിന് സമീപത്തെ പൊലീസ് എയ്ഡ് പോസ്റ്റ് മുതൽ ക്ഷേത്രത്തിനുള്ളിൽ വടക്കെ പ്രദക്ഷിണ വഴിയിൽ നാലമ്പലത്തിനകത്തേക്ക് ദർശനത്തിനായി ജീവനക്കാർക്ക് പ്രവേശിക്കുന്നതിനായുള്ള വരി തുടങ്ങുന്നിടത്ത് അവസാനിക്കും വിധമാണ് തുരങ്കപാത നിർമ്മിക്കാൻ ദേവസ്വം ഉദ്ദേശിക്കുന്നത്.