ചാലക്കുടി: ദേശീയ പാതയിലെ അടിപ്പാത നിർമ്മാണത്തിന്റെ ഭാഗമായി മുനിസപ്പൽ ജംഗ്ഷൻ അടഞ്ഞു പോയതു സംബന്ധിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. പ്രസ്തുത വിഷയം സംബന്ധിച്ച് പ്രതിപക്ഷം നോട്ടീസ് നൽകിയതിനെ തുടർന്ന് വിളിച്ച യോഗത്തിലാണ് തീരുമാനം.

സൗത്ത് മേൽപ്പാലത്തിനടിയിലെ ക്രോസിംഗ് റോഡിൽ ഇപ്പോൾ അനുഭവപ്പെടുന്ന കുരുക്ക് ഒഴിവാക്കാൻ റൗണ്ടോ പോർട്ട് സംവിധാനം ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചു. സ്വകാര്യ ബസുകൾ ട്രങ്ക് റോഡ് കൂടി മാളയിലേക്കു സർവീസ് നടത്താനുള്ള മുൻ തീരുമാനം കർശനമാക്കാനും തീരുമാനമായി. ഇതിനായി ട്രാഫിക് റെഗുലേറ്ററി കമ്മറ്റികളുടെ യോഗം ഉടൻ വിളിക്കും.

പഴയ ദേശീയ പാതയിലെ അനധികൃത വാഹന പാർക്കിംഗ് നിയന്തിക്കണമെന്ന പ്രതിപക്ഷ നിർദ്ദേശവും അംഗീകരിച്ചു. മത്സ്യ ഫെഡിന്റെ കൗണ്ടർ ആരംഭിക്കുന്നത് സംബന്ധിച്ച് കൗൺസിലിൽ വാഗ്വാദം നടന്നു. മാർക്കറ്റിന് അകത്ത് വേണെന്ന് പ്രതിപക്ഷവും പുറത്താണ് ഉചിതമെന്ന ഭരണപക്ഷത്തിന്റെ നിലപാടുമാണ് യോഗത്തിൽ ബഹളിത്തിന് ഇടയാക്കിയത്. ഒടുവിൽ മാർക്കറ്റിന് പുറത്ത് കൗണ്ടറിന് സ്ഥലം കണ്ടെത്താൻ ഹെൽത്ത് കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി.

50 മൈക്രോണിന് താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ നഗരത്തിലെ വിനിമയം കർശനമായി തടയും. ഇതുസംബന്ധിച്ച് വി.ജെ. ജോജി ഉന്നയിച്ച നിർദ്ദേശമാണ് യോഗം ഏകകണ്‌ഠേന അംഗീകരിച്ചത്. ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ, പി.എം. ശ്രീധരൻ, പ്രതിപക്ഷ നേതാവ് വി.ഒ. പൈലപ്പൻ, ഷിബു വാലപ്പൻ, കെ.വി. പോൾ, ബിജു ചിറയത്ത് എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

ട്രാഫിക് പരിഷ്കാരം നടന്നില്ല

ചാലക്കുടി നഗരത്തിൽ തിങ്കളാഴ്ച മുതൽ തീരുമാനിച്ചിരുന്ന ട്രാഫിക് പരിഷ്കാരം നടന്നില്ല. മാളയിലേക്കുള്ള സ്വകാര്യ ബസുകൾ ട്രങ്ക് റോഡ് ജംഗ്ഷനിൽ എത്താതെ സർവീസ് നടത്തി. നഗരസഭയുടെ ഭാഗത്തു നിന്നും ഇതുസംബന്ധിച്ച് പ്രത്യേക നടപടികളുമുണ്ടായില്ല. തീരുമാനം അനുസരിക്കാത്ത ബസ് ഉടമകൾക്കെതിരെ നടപടിയുണ്ടാകുമെന്നാണ് ട്രാഫിക് കമ്മിറ്റി യോഗത്തിൽ നഗരസഭാ ചെയർപേഴ്‌സൺ അറിയിച്ചിരുന്നത്. തീരുമാനം നടപ്പാക്കുന്നതിന് വാഹനങ്ങളുടെ അനധികൃത പാർക്കിംഗ് നിയന്തിക്കുമെന്നും തീരുമാനിച്ചിരുന്നു. ഇതിന്റെ മുന്നോടിയായുള്ള ബോർഡുകൾ സ്ഥാപിക്കൽ, റോഡിലെ മാർക്കിംഗ് എന്നിവയുമുണ്ടായില്ല. ഒരു വിഭാഗം ബസുടമകളുടെ നിസഹകരണമാണ് തീരുമാനം നടപ്പാക്കാൻ കഴിയിയാത്തത്.


ഗതാഗത പരിഷ്‌കാര തീരുമാനം സ്വകാര്യ ബസുടമകൾ അട്ടിമറിക്കുകയാണ്. ഇതിനെതിരെ സമര പരിപാടികൾ തുടങ്ങും. വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥർ, നഗരസഭാ ഭരണാധികാരികൾ എന്നിവരുടെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം നടപ്പാക്കാത്തതിനു പിന്നിൽ നിക്ഷിപ്ത താത്പര്യമാണ് ബസുടമകൾക്കുള്ളത്.

-ജോയ് മൂത്തേടൻ, മർച്ചന്റ്‌സ് അസോസിയേഷൻ

ഗതാഗതക്കുരുക്ക് ഒഴിവാക്കാതെ ബസുകൾ ട്രങ്ക് റോഡ് ജംഗ്ഷനിലൂടെ സർവീസ് നടത്താൻ ബുദ്ധിമുട്ടാണ്. കൂടാതെ, ഇതിനായി പത്തുമിനിറ്റോളം അധികസമയം വേണ്ടിവരും. ഈ അവസ്ഥയിൽ ഇപ്പോഴത്തെ ഗതാഗത പരിഷ്‌കാരത്തോട് യോജിക്കാനാകില്ല.
ജോൺസൺ പയ്യപ്പിള്ളി, ബസുടമാ സംഘടനാ പ്രസിഡന്റ്‌

യാത്രക്കാരെ മാത്രമല്ല, കച്ചവടക്കാരെയും ദുരിതത്തിലാക്കുന്ന തലതിരിഞ്ഞ സമീപനമാണ് ബസുടമകളുടേത്. ഇതിനെതിരെ സമര പരിപാടികളിലേക്ക് ഇറങ്ങും. നിലപാട് തികച്ചും പ്രതിഷേധാർഹം.

- സി.കെ. വിൻസെന്റ്, വ്യാപാരി ഏകോപന സമിതി സെക്രട്ടറി