കൂടൽമാണിക്യം ഉത്സവത്തിൽ സമ്പൂർണ്ണമായി സ്ത്രീകളവതരിപ്പിച്ച കഥകളി

ഇരിങ്ങാലക്കുട : അണിയറയും ചെണ്ടയും മദ്ദളവും ഒഴിച്ച് പൂർണമായും സ്ത്രീകൾ ഏറ്റെടുത്ത് അരങ്ങിലവതരിപ്പിച്ച കഥകളി ആസ്വാദക ലോകത്തിന് വിസ്മയമായി. ഇരിങ്ങാലക്കുട കൂടൽമാണിക്യം ഉത്സവത്തിന്റെ ഭാഗമായി നാലാം ഉത്സവ രാവിലാണ് സ്ത്രീകൾ മാത്രം പങ്കെടുത്ത ലവണാസുരവധം കഥകളി അരങ്ങേറിയത്. ലവണാസുരവധം കഥകളിയിലെ ഒരു ഭാഗം മാത്രമാണ് മൂന്ന് മണിക്കൂറിലായി സംഘം അവതരിപ്പിച്ചത്.

വാത്മീകി ആശ്രമത്തിൽ സീതയും ലവകുശന്മാരും താമസിക്കുന്ന കാലത്ത് കാടുകാണാൻ മോഹം അറിയിച്ച ഇരുവർക്കും സീത അതിന് അനുമതി നൽകുന്നു. കാട്ടിൽ നടക്കുന്നതിനിടയിൽ രാമൻ അശ്വമേധ യാഗത്തിനെ തുടർന്ന് അഴിച്ചുവിട്ട കുതിരയെ കണ്ട് ഇരുവരും പിടിച്ചുകെട്ടുന്നു. ഇതറിഞ്ഞ് എത്തിയ ശത്രുഘ്‌നനെ ലവകുശൻമാർ യുദ്ധത്തിൽ തോൽപ്പിക്കുന്നു. പിന്നിട് യുദ്ധത്തിനെത്തിയ ഹനുമാൻ ഇരുവരെയും കണ്ട് രാമന്റെ ഛായതോന്നി അവർക്ക് മുന്നിൽ തോറ്റുകൊടുക്കുന്നു. ഹനുമാനെ പിടിച്ചുകെട്ടി ഇരുവരും സീതയുടെ മുന്നിലെത്തിക്കുന്നു.

ഹനുമാനെ കണ്ട് സീത മക്കളോട് ഹനുമാനെ കുറിച്ച് പറയുന്നതും അദ്ദേഹത്തെ വന്ദിക്കുന്നതുമാണ് കഥാസാരം. സുഖമോ ദേവിയെന്ന പ്രസിദ്ധമായ പദം ഈ കഥകളിയിൽ നിന്നുള്ളതാണ്. സീതയായി ഇന്ദുജ ചെറുളിയിലും കുശനായി പ്രശസ്ത കഥകളി നടനായിരുന്ന കലാമണ്ഡലം കരുണാകരന്റെ മകൾ രഞ്ജിനി സുരേഷും ലവനായി പ്രശസ്ത കഥകളി നടൻ കലാനിലയം രാഘവന്റെ മകൾ ജയന്തി ദേവരാജും, ശത്രുഘ്‌നനായി സുപ്രിയ ശ്രീകുമാറും ഹനുമാനായി എൻ. ഗീതയും അരങ്ങിലെത്തി. പ്രശസ്ത കഥകളി ഗായകൻ പാലനാട് ദിവാകരന്റെ മകൾ ദീപ പാലനാട്, ടി.പി മഞ്ജുള, കഥകളി ഗായകൻ നെടുമ്പള്ളി രാംമോഹന്റെ ഭാര്യ മീര രാംമോഹൻ, അദ്രിജ വർമ്മ എന്നിവരായിരുന്നു പാട്ടുകാർ. ഇതിൽ രഞ്ജിനി, ജയന്തി, സുപ്രീയ, ഗീത, മഞ്ജുള എന്നിവർ ഇരിങ്ങാലക്കുടക്കാരാണ്.


സംഗമേശ മാഹാത്മ്യം ആട്ടക്കഥാ പുസ്തകം പ്രകാശനം

ഇരിങ്ങാലക്കുട : കടത്തനാട്ട് നരേന്ദ്ര വാരിയർ രചിച്ച സംഗമേശ മാഹാത്മ്യം ആട്ടക്കഥയുടെ പുസ്തക പ്രകാശനം കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ വെച്ച് നടന്നു. ആദ്യ പതിപ്പ് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ കലാനിലയം മുൻ പ്രിൻസിപ്പാൾ രാഘവനാശാന് കൈമാറി. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി കൂടൽമാണിക്യം ഉത്സവത്തിന്ന് ആദ്യ കളിയായി സംഗമേശ മാഹാത്മ്യം അവതരിപ്പിക്കുന്നുണ്ടായിരുന്നു. കലാനിലയം മുൻ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, കെ.എൻ പിഷാരടി സ്മാരക കഥകളി ക്ലബ്ബ് പ്രസിഡന്റ് അഗ്നിശർമ്മൻ, ദേവസ്വം തന്ത്രിമാർ, മുതലായവരുടെ സാന്നിദ്ധ്യം പ്രകാശനച്ചടങ്ങിന് മാറ്റുകൂട്ടി. ഒരു ചാർട്ടേർഡ് എൻജിനീയറായ കടത്തനാട്ട് നരേന്ദ്രവാരിയർ രചിച്ച പതിനെട്ട് ആട്ടക്കഥകളിൽ ഒന്നാണ് സംഗമേശമാഹാത്മ്യം.

കൂടൽമാണിക്യത്തിൽ ഇന്ന്


ഇരിങ്ങാലക്കുട : സോപാനത്ത് കാലത്തും സന്ധ്യക്കും 5.30 മുതൽ അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപനസംഗീതം , രാവിലെ 8.30 മുതൽ ശീവേലി, പെരുവനം സതീശൻ മാരാർ നയിക്കുന്ന പഞ്ചാരിമേളം, ഉച്ചതിരിഞ്ഞ് 2.10 മുതൽ 2.40 വരെ എം.ആർദ്ര അവതരിപ്പിക്കുന്ന ഭരതനാട്യം. ഉച്ചതിരിഞ്ഞ് 2.45 മുതൽ 3.30 വരെ വിഷ്ണു സുരേഷ്,

വൈദേഹി സുരേഷ്, അരുൺ വാര്യർ അവതരിപ്പിക്കുന്ന സോപാന സംഗീതം. വൈകീട്ട് 3.35 മുതൽ 4.40വരെ മഞ്ജു വി നായർ അവതരിപ്പിക്കുന്ന ഭരതനാട്യം. 4.45മുതൽ 5.25വരെ കൃഷ്‌ണേന്ദു എ.മേനോനും സംഘവും അവതരിപ്പിക്കുന്ന ഭരതനാട്യം.വൈകീട്ട് 5.30മുതൽ 8.20വരെ വിഗ്‌നേഷ് ഈശ്വർ അവതരിപ്പിക്കുന്ന കർണ്ണാടക സംഗീതക്കച്ചേരി. രാത്രി 8.30 മുതൽ 10.30 വരെ സുജാത മഹോപാത്ര അവതരിപ്പിക്കുന്ന ഒഡീസ്സി എന്നിവ ഉണ്ടാകും.

കുലീപിനീ തീർത്ഥ മണ്ഡപത്തിൽ

കാലത്ത് 6.30 മുതൽ സുബ്ബലക്ഷ്മി, ശ്രീജ ഹരീഷ് എന്നിവർ അവതരിപ്പിക്കുന്ന നാരായണീയ പാരായണം. 7.30 മുതൽ ബ്രഹ്മശ്രീ വേന്ത്രക്കാട് കൃഷ്ണൻ നമ്പൂതിരി അവതരിപ്പിക്കുന്ന പ്രഭാഷണം, വൈകീട്ട് 5.30 ന് വില്ലുവട്ടത്ത് ശ്രീരാജ് നമ്പ്യാർ അവതരിപ്പിക്കുന്ന പാഠകം, 6.30 ന് രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന കുറത്തിയാട്ടം എന്നിവ നടക്കും.

സന്ധ്യാവേല പന്തലിൽ

ശീവേലിക്ക് ശേഷം രാജീവ് വെങ്കിടങ്ങ് അവതരിപ്പിക്കുന്ന ശീതങ്കൻ തുള്ളൽ, വൈകീട്ട് 5 മുതൽ കലാമണ്ഡലം രാജീവ് ആൻഡ് കലാനിലയം ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന മിഴാവ്-ഇടയ്ക്ക തായമ്പക, സന്ധ്യക്ക് നാഗസ്വരം, മദ്ദളപ്പറ്റ്, കൊമ്പുപറ്റ്, കുഴൽപറ്റ് എന്നിവ നടക്കും. രാത്രി 9.30 മുതൽ വിളക്ക്, പെരുവനം സതീശൻമാരാർ അവതരിപ്പിക്കുന്ന പഞ്ചാരിമേളം, രാത്രി 12മുതൽ പുലരും വരെ കഥകളി കീചകവധം, ബാലിവധം എന്നിവ നടക്കും.