ആറാട്ടുപുഴ: പ്രളയത്തിൽ വീടിന് നാശനഷ്ടം സംഭവിച്ച 73 കുടുംബങ്ങൾക്ക് ജീവകാരുണ്യ സംഘടനയായ ജീവനിയുടെ ധനസഹായം പ്രസിഡന്റ് കെ.വി. അഷ്ടമൂർത്തി വിതരണം ചെയ്തു. സുമനസ്സുകളുടെ സഹായ സഹകരണത്തോടെ ജീവനി സമാഹരിച്ച 16.5 ലക്ഷം രൂപയാണ് രണ്ടാം ഘട്ട
ദുരിതാശ്വാസ പുനരധിവാസ ഫണ്ടായി ജീവനിയുടെ ഓഫീസിൽ നൽകിയത്.
ആഗസ്റ്റ് മാസത്തിൽ ഉണ്ടായ പ്രകൃതിദുരന്തത്തിൽ ആറാട്ടുപുഴയിലും പരിസര പ്രദേശങ്ങളിലും വീടുകൾ പൂർണ്ണമായി നഷ്ടപ്പെട്ടവർക്കും തീവ്രമായും ഭാഗികമായും വീടിന് കേടുപാടുകൾ സംഭവിച്ചവർക്കുമാണ് ജീവനി ധനസഹായം വിതരണം ചെയ്തത്. 2018 ഒക്ടോബർ ഒന്നിന് ഒന്നാം ഘട്ടമായി 54 കുടുംബങ്ങൾക്ക് ജീവനി 14.8 ലക്ഷം രൂപ ധനസഹായമായി നൽകിയിരുന്നു.
ജീവനി രണ്ടു ഘട്ടങ്ങളിലുമായി 31.3 ലക്ഷം രൂപയാണ് 127 പേർക്ക് പ്രളയ ദുരിതാശ്വാസമായി വിതരണം ചെയ്തത്.
യോഗത്തിൽ വൈസ് പ്രസിഡന്റ് എം. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ട്രസ്റ്റി എം. രാജേന്ദ്രൻ, ജീവനി സെക്രട്ടറി എ. പത്മനാഭൻ, ജോ. സെക്രട്ടറി സുനിൽ പി. മേനോൻ, ട്രഷറർ എം. സോമസുന്ദരൻ, അന്വേഷണ സമിതി കൺവീനർ കെ. മുരളീധരൻ എന്നിവർ പ്രസംഗിച്ചു.