പാവറട്ടി: സി.പി.ഐയിലെ എ.പി ബെന്നിയെ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റായി അഞ്ചിനെതിരെ ഒമ്പത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചാം വാർഡ് മെമ്പർ യു.ഡി.എഫിലെ പി.എ. കൃഷ്ണൻകുട്ടിയെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി അംഗം സബിത ചന്ദ്രൻ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.
ചാവക്കാട് സബ് രജിസ്ട്രാർ കെ.എ. റസീന വരണാധികാരിയായിരുന്നു. തിരഞ്ഞെടുത്ത പ്രസിഡന്റിന് വരണാധികാരി സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ചേംബറിലെത്തി അധികാരമേറ്റു.

തുടർന്ന് നടന്ന അനുമോദന യോഗത്തിൽ വൈസ് പ്രസിഡന്റ് ശ്രീദേവി ജയരാജ് അദ്ധ്യക്ഷയായി. മുൻ പ്രസിഡന്റ് എ.കെ. ഹുസൈൻ, സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം എൻ.കെ. സുബ്രഹമണ്യൻ, സി.പി.എം മണലൂർ ഏരിയാ കമ്മിറ്റി അംഗവും മുൻ പ്രസിഡന്റുമായ ഗീത ഭരതൻ, സി.പി.ഐ ലോക്കൽ സെക്രട്ടറിയും ബ്ലോക്ക് വൈസ് പ്രസിഡന്റുമായ വി.കെ. രവീന്ദ്രൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ ജെന്നി ജോസഫ്, പ്രതിപക്ഷ നേതാവ് പി.കെ. രാജൻ, ലീഗ് നേതാവ് ഷെരീഫ് ചിറക്കൽ, മറ്റ് പഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് സെക്രട്ടറി കെ.എ. ഉല്ലാസ് കുമാർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് എ.പി. ബെന്നി മറുപടി പ്രസംഗം നടത്തി.