വടക്കാഞ്ചേരി: വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകുന്നതിൽ അനാവശ്യ കാലതാമസം വരുത്തി വ്യാപാരികളെ ദ്രോഹിക്കുന്നു എന്ന ആരോപണവുമായി നഗരസഭയിലെ എങ്കക്കാട് വാർഡ് കൗൺസിലർ വി.പി. മധു നഗരസഭാ സെക്രട്ടറിയുടെ ഓഫീസിനു മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ വ്യാപാരി വ്യവസായി ഏകോപന സമിതി നേതാക്കളും മധുവിന് പിന്തുണയുമായി രംഗത്തെത്തി. സെക്രട്ടറി എല്ലാ വിധത്തിലും വ്യാപാരികളെ ദ്രോഹിക്കുന്ന നയമാണ് കൈക്കൊള്ളുന്നതെന്ന് വ്യാപാരികളും കുറ്റപ്പെടുത്തി. ഒടുവിൽ നഗരസഭാ വൈസ് ചെയർമാൻ എം.ആർ. അനൂപ് കിഷോർ ഇടപെട്ടാണ് പ്രശ്‌നം താത്കാലികമായി പരിഹരിച്ചത്.