തൃശൂർ: തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ സുഗമമായി നടത്തുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കളക്ടറും വരണാധികാരിയുമായ ടി.വി. അനുപമ അറിയിച്ചു. ഗവ. എൻജിനിയറിംഗ് കോളേജിലെ വിവിധ ബ്ലോക്കുകളിലായി നാളെ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ഉൾപ്പെടുന്ന 7 നിയമസഭാ മണ്ഡലങ്ങളടേയും വോട്ടെണ്ണൽ അതത് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാരുടെ മേൽനോട്ടത്തിൽ 7 ഹാളുകളിലായി പ്രത്യേകം ക്രമീകരിച്ചിട്ടുള്ള 14 വീതം ടേബിളുകളിലാകും നടക്കുക. ഒരു ബൂത്തിൽ ഒന്നിലധികം വോട്ടിംഗ് മെഷിനുകൾ ഉപയോഗിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അവ ഏത് ടേബിളിലാണോ വരുന്നത് ആ ടേബിളിൽ തന്നെ ഒന്നിനുപിറകെ ഒന്നായി എണ്ണും.
പോസ്റ്റൽ ബാലറ്റുകളുടെ വോട്ടെണ്ണൽ പ്രത്യേകം ക്രമീകരിച്ചിട്ടുള്ള മറ്റൊരു ഹാളിൽ റിട്ടേണിംഗ് ഓഫീസറുടെ മേൽനോട്ടത്തിൽ 3 ടേബിളുകളിലായും ഇതോടൊപ്പം സർവീസ് വോട്ടുകൾ സ്‌കാനിംഗ് നടത്തിയതിനു ശേഷം പ്രത്യേകം സജ്ജീകരിച്ച മറ്റൊരു ടേബിളിലായും എണ്ണും. വോട്ടെണ്ണൽ ദിനമായ നാളെ രാവിലെ എട്ടിന് മുമ്പായി ലഭിക്കുന്ന എല്ലാ തപാൽ വോട്ടുകളും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ തപാൽ വകുപ്പുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിക്കിട്ടുന്ന തപാൽ വോട്ടുകൾ യാതൊരു കാരണവശാലും എണ്ണുന്നതിനായി പരിഗണിക്കുന്നതല്ലെന്ന് വരണാധികാരി വ്യക്തമാക്കി. ഇതിനുപുറമെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദ്ദേശാനുസരണം ഓരോ നിയമസഭാമണ്ഡലത്തിലെയും 5 വിവിപാറ്റ് മെഷീനുകളിലെ സ്ലിപ്പുകൾ നറുക്കെടുപ്പിലൂടെ കണ്ടെത്തി എണ്ണുന്നതിന് പ്രത്യേകം ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും സാങ്കേതിക തകരാറുകൾ മൂലം വോട്ടിംഗ് മെഷീനിലെ വോട്ടുകൾ എണ്ണാൻ സാധിക്കാതെവരുന്ന സാഹചര്യത്തിൽ പ്രസ്തുത ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണിത്തിട്ടപ്പെടുത്തി ഫലം നിർണ്ണയിക്കും. വോട്ടിംഗ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയതിനു ശേഷം വിവിപാറ്റ് സ്ലിപ്പുകളുടെ എണ്ണിതിട്ടപ്പെടുത്തൽ ആയതിനായി ക്രമീകരിച്ചിട്ടുള്ള ടേബിളിൽ ഒന്നിനുശേഷം മറ്റൊന്ന് എന്ന ക്രമത്തിൽ നടക്കും. വിജയിച്ച സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷവും അസാധുവായ തപാൽ വോട്ടുകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസം ഇല്ലെങ്കിൽ അസാധവോട്ടുകൾ പുനഃപരിശോധനക്ക് വിധേയമാക്കും.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നുള്ള ഫലം ഓരോ റൗണ്ട് പൂർത്തിയാകുമ്പോൾ തന്നെ ക്രോഡീകരിച്ച് നൽകുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തീകരിച്ചിട്ടുണ്ട്. വോട്ടെണ്ണൽ ഹാളിലേക്ക് മൊബൈൽ ഫോൺ, ബാഗുകൾ എന്നിവയുമായി പ്രവേശനം നിരോധിച്ചിട്ടുണ്ട്. വോട്ടെണ്ണൽ പ്രമാണിച്ച് നാളെ എൻജിനിയറിംഗ് കോളേജിന് അവധിയായിരിക്കും.