തൃശൂർ: കാഴ്ചക്കുറവിന് ആയുർവേദ ചികിത്സ ലഭ്യമാക്കാൻ 2012 ൽ ആരംഭിച്ച്, രണ്ടുലക്ഷത്തോളം കുട്ടികളുടെ പരിശോധന പൂർത്തിയാക്കി വഴിവിളക്കാകുകയും 15,000 പേർ,​ചികിത്സ തുടരുകയും ചെയ്ത ഭാരതീയ ചികിത്സാ വകുപ്പിന്റെ 'ദൃഷ്ടി' പദ്ധതി താളം തെറ്റുന്നു. ബഡ്ജറ്റിൽ പദ്ധതി വിഹിതം കുറയ്ക്കുകയും മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റ് തസ്തിക ഇല്ലാതാക്കുകയും ചെയ്തതോടെ ഏതാണ്ട് ജീവച്ഛവമാകുയാണ് 'ദൃഷ്ടി'.

കഴിഞ്ഞ വർഷം പദ്ധതിക്ക് സംസ്ഥാനത്ത് 99 ലക്ഷം അനുവദിച്ചിരുന്നു. ഈ വർഷം ലഭിച്ചത് വെറും 55 ലക്ഷം. സർക്കാർ സമയാസമയം അനുവദിച്ച സ്റ്റാഫുകളും ഫണ്ടും ഉള്ളതിനാലാണ് പദ്ധതി വിജയകരമായത്. ആശുപത്രികളിലെ നേത്ര മെഡിക്കൽ ഓഫീസർക്ക് ദിവസം ശരാശരി 100 രോഗികളെ പരിശോധിക്കണം. പ്രമേഹം, ഗ്ലോക്കോമ എന്നിവയുടെ പ്രത്യേക ഒ.പിയിലും സമയം ചെലവഴിക്കണം. നേത്രരോഗങ്ങൾക്കുള്ള ശസ്ത്രകർമ്മങ്ങളും ചെയ്യണം. മെഡിക്കൽ ഓഫീസർ, തെറാപ്പിസ്റ്റ് തസ്തികകൾ ഇല്ലാതാക്കുമ്പോൾ 'ദൃഷ്ടി' വഴി കുട്ടികൾക്ക് ചികിത്സ ലഭ്യമാക്കാനാവില്ല. ജീവനക്കാരും ഫണ്ടും കുറഞ്ഞാൽ സ്‌കൂളുകളിൽ പോയി നേത്രപരിശോധനാ ക്യാമ്പുകളും ബോധവത്കരണവും നടത്തുന്നതിന് തടസം നേരിടും. വിവരശേഖരണവും നടക്കില്ല. അതോടെ ആശുപത്രികളിൽ മാത്രമായി പദ്ധതി ചുരുങ്ങും. സംസ്ഥാനത്ത് ആറ് വർഷത്തിലേറെയായി മൂന്നര കോടി രൂപ ചെലവിട്ട് നടത്തിയ പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തസ്തികകൾ പുനഃസ്ഥാപിക്കണം എന്ന ആവശ്യം ശക്തമായിട്ടുണ്ട്. നിലവിൽ ഭാരതീയ ചികിത്സാ വകുപ്പിന് കീഴിൽ സംസ്ഥാനത്തെ തെരഞ്ഞെടുത്ത ആറ് ആശുപത്രികളിൽ പദ്ധതി നിലവിലുണ്ട്.

ജില്ലയിൽ 3300 കുട്ടികൾക്ക്
നേത്രവൈകല്യം

ജില്ലയിൽ രാമവർമ ജില്ലാ ആയുർവേദ ആശുപത്രി, എ.വി.എം ഗവ. ആയുർവേദ ആശുപത്രി ഇരിങ്ങാലക്കുട എന്നിവിടങ്ങളിലാണ് ഈ പദ്ധതി ആദ്യമായി തുടങ്ങിയത്. 27,000 കുട്ടികളുടെ നേത്രപരിശോധന നടത്തിയതിൽ നിന്നും 3,300 കുട്ടികൾക്ക് കാഴ്ച തകരാറുള്ളതായി കണ്ടെത്തി. അവരോട് തുടർപരിശോധനയ്ക്കായി ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചു. അർഹരായ 480 കുട്ടികളെ പദ്ധതിയിൽ ഉൾപ്പെടുത്തുകയും ചെയ്തു. കൃത്യമായ ഇടവേളകളിൽ കുട്ടികളെ തുടർ പരിശോധനയ്ക്ക് വിധേയമാക്കി. ഔഷധ ചികിത്സയും മറ്റും നൽകി. ചികിത്സയ്ക്ക് വിധേയരായ കുട്ടികളുടെ വിവരങ്ങളും കാഴ്ചശക്തിയിലുണ്ടായ പുരോഗതിയും രേഖപ്പെടുത്തി. 1,600 ഓളം കുട്ടികളുടെ കാഴ്ചക്കുറവ് ആദ്യമായി കണ്ടെത്താൻ പദ്ധതിയിലൂടെ സാധിച്ചിരുന്നു.
നിയമസഭാ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ നിർദ്ദേശപ്രകാരം, ഓരോ മണ്ഡലങ്ങളിൽ നിന്നും രണ്ട് വിദ്യാലയങ്ങൾ പദ്ധതി നടത്തിപ്പിനായി തെരഞ്ഞെടുത്തിരുന്നു. ഈ 26 വിദ്യാലയങ്ങൾ ഓരോന്നിലും ദൃഷ്ടി പദ്ധതിയിലെ മെഡിക്കൽ ഓഫീസർ ഉൾപ്പെട്ട സംഘം സന്ദർശനം നടത്തി. നേത്ര സംരക്ഷണം, ആരോഗ്യപരമായ ഭക്ഷണ ശീലങ്ങൾ, നേത്രവ്യായാമംൾ എന്നിവയെ കുറിച്ച് കുട്ടികൾക്കും രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമായി ആയി ബോധവത്കരണ ക്ലാസുകളും നടത്തി.