തൃശൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ ഭാഗമായി, ജില്ലയിൽ സിറ്റി പൊലീസ് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്തി. 6 അസി. പൊലീസ് കമ്മിഷണർ, 7സി.ഐ, 64 എസ്.ഐ അടക്കം 1500 പൊലീസ് ഉദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കായി ഉള്ളത്.
അടിയന്തര സാഹചര്യങ്ങൾ നേരിടാനായി ഒരു കമ്പനി സായുധ പൊലീസും സജ്ജമായിട്ടുണ്ട്. ജില്ലയിലെ പ്രമുഖ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ നേതാക്കളുടെയും, സ്ഥാനാർത്ഥികളുടെയും വീടുകൾക്ക് സുരക്ഷയും പരിസരങ്ങളിൽ വാഹന പട്രാളിംഗും പൊലീസ് ശക്തമാക്കി. കൂടുതൽവാഹന പട്രോളിംഗും, പിക്കറ്റ് പോസ്റ്റുകളും തുടങ്ങി.
ആഹ്‌ളാദ പ്രകടനങ്ങൾ അതിരുവിട്ട് അക്രമമാകാതിരിയ്ക്കാനായി കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ ജില്ലയിൽ ഡ്യൂട്ടിക്കായി നിയോഗിച്ചു. പൊതുമുതൽ നശീകരണം, വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെയുള്ള അതിക്രമങ്ങൾ എന്നിവയ്‌ക്കെതിരെ ശക്തമായ നിയമനടപടികൾ പൊലീസ് സ്വീകരിക്കുമെന്ന് കമ്മിഷണർ ജി.എച്ച്. യതീഷ് ചന്ദ്ര അറിയിച്ചു.
വോട്ടെണ്ണൽ നടക്കുന്ന തൃശൂർ എൻജിനിയറിംഗ് കോളേജ് പരിസരം കനത്ത കാവലിലാണ്. അംഗീകാരമില്ലാത്ത ആരെയും വോട്ടെണ്ണൽ കേന്ദ്രത്തിനകത്തേക്ക് പ്രവേശിപ്പിക്കില്ല. എ.സി.പിമാരായ വി.എൻ. സജി, സി.ഡി. ശ്രീനിവാസൻ എന്നിവരുടെ മേൽനോട്ടത്തിലാണ് സുരക്ഷ. വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്തെ ദൃശ്യങ്ങൾ സി.സി.ടി.വി കാമറ വഴി പകർത്തും.
മുൻകാലങ്ങളിലെ പ്രശ്‌നബാധിത കേന്ദ്രങ്ങളിലെല്ലാം സുരക്ഷയൊരുക്കിയിട്ടുണ്ട്. സ്ഥിരം പ്രശ്‌നക്കാരുടെയും, ക്രിമിനലുകളുടെയും ലിസ്റ്റുണ്ടാക്കി സ്റ്റേഷനുകളിൽ വിളിച്ചു വരുത്തി താക്കീത് ചെയ്തു വിട്ടയച്ചു. അക്രമം തുടരുന്നവർക്കെതിരെ ആവശ്യം വരുന്നപക്ഷം കാപ്പ നിയമം ചുമത്തി തടങ്കലിലടയ്ക്കും. ഫലപ്രഖ്യാപന ഭാഗമായി കൂടുതൽ കുഴപ്പക്കാരായവരെ മുഴുവൻ കരുതൽ തടങ്കലിൽ ഇടാൻ എല്ലാ സ്റ്റേഷൻ ചുമതലയുള്ള ഓഫീസർമാർക്കും കമ്മിഷണർ നിർദ്ദേശം നൽകി.
ക്രമീകരണം
പൊലീസുകാർക്ക് യൂണിഫോമിൽ ഘടിപ്പിക്കാവുന്ന വീഡിയോ കാമറകളും, മറ്റ് വീഡിയോ കാമറകളും നൽകി
കലാപകാരികളെയും, അതിക്രമികളെയും കണ്ടെത്തി നിയമനടപടി സ്വീകരിക്കാനായി ദൃശ്യങ്ങൾ ഉപയോഗിക്കും
മതസാമുദായിക ധ്രുവീകരണവും, അതിക്രമവും പ്രോത്സാഹിപ്പിക്കുന്നവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
നിരീക്ഷണത്തിനായി സൈബർസെൽ ടീം രൂപീകരിച്ചു, ആരാധനാലയങ്ങൾക്ക് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി
പടക്കം, ഗുണ്ട് മുതലായ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് നാശനഷ്ടം ഉണ്ടാക്കുന്നവർക്കെതിരെ നടപടിയെടുക്കും
അനധികൃത മദ്യകടത്ത്, മയക്കുമരുന്ന് കടത്ത് തടയുന്നതിന് ജില്ലാ അതിർത്തിയിംലും, തീരദേശത്തും പരിശോധന
സുരക്ഷയ്ക്ക് ഇവർ
6 അസി. പൊലീസ് കമ്മിഷണർ
7സി.ഐ
64 എസ്.ഐ
1500 പൊലീസ് ഉദ്യോഗസ്ഥർ
ഒരു കമ്പനി സായുധ പൊലീസ്
ജില്ലയിൽ കൺട്രോൾ റൂം തുറന്നു. വിവരങ്ങളും, പരാതികളുംപൊതുജനങ്ങൾക്ക് അറിയിക്കാം. ഫോൺ: 100, 112