തൃശൂർ: ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തി കോയമ്പത്തൂർ ശേഖരിച്ച് കേരളത്തിലേക്ക് എത്തിക്കുന്ന ഇടനിലക്കാരായ മൂന്ന് തമിഴ്‌നാട് സ്വദേശികൾ 21 കിലോഗ്രാം കഞ്ചാവുമായി തൃശൂർ റെയിൽവേ സ്റ്റേഷന്റെ സമീപം പിടിയിലായി.

തമിഴ്‌നാട് തിരുപ്പൂർ പാറപാളയം അയ്യാ നഗർ ഫസ്റ്റ് സ്ട്രീറ്റിൽ കറുപ്പായ (34), തേനി കുണ്ടുമളയ് കുണ്ടൂർ കുമ്മനത്തുഴ രംഗനാഥാപുരം നമ്പർ വൺ സ്ട്രീറ്റിൽ സെന്തിൽ കുമാർ (38), തേനി കുണ്ടമള്ളയ്കുണ്ട് സ്ട്രീറ്റ് അണ്ണാകൊടി ചെല്ലദുരൈ (35) എന്നിവരാണ് അറസ്റ്റിലായത്. തൃശൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ പി. ജിജു ജോസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.

രണ്ട് കിലോഗ്രാം വീതമുള്ള പാക്കറ്റുകളായി ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഈ മാസം 17ന് 10 കിലോഗ്രാം കഞ്ചാവ് കടത്തിയ തമിഴ്‌നാട് സ്വദേശി വിജയകുമാറിനെ, വാഹന പരിശോധനയ്ക്കിടയിൽ നിറുത്താതെ പോയതിനെ തുടർന്ന് പട്ടിക്കാട് ജംഗ്ഷനിൽ വച്ച് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ കേന്ദ്രീകരിച്ച് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തെ തിരിച്ചറിഞ്ഞിരുന്നു. ആഴ്ചയിൽ ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചു കൈമാറ്റം നടത്തുന്നതായും വിവരം ലഭിച്ചു.

തുടർന്ന് നടത്തിയ നിരീക്ഷണത്തിലാണ് തമിഴ്‌നാട് സംഘം പിടിയിലായത്. ആന്ധ്രയിൽ നിന്നും വൻതോതിൽ കഞ്ചാവ് കടത്തി കൊണ്ടുവന്ന് കോയമ്പത്തൂരിൽ ശേഖരിച്ച് കേരളത്തിലുളള ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്ന ഇടനിലക്കാരാണ് തങ്ങളെന്നും, മലയാളിയാണ് ഇതിന്റ പിന്നിലെന്നും പ്രതികൾ മൊഴി നൽകിയതായി എക്‌സൈസ് അറിയിച്ചു. നിർദ്ദേശിച്ച സ്ഥലത്തെത്തി ആൾക്ക് ബാഗ് കൈമാറ്റം ചെയ്യുന്നതിന് 25000 രൂപ പ്രതിഫലം കിട്ടും. പ്രത്യേക സ്ഥലത്ത് എത്തിയാൽ ആവശ്യക്കാർ ഇവരെ സമീപിച്ച് അടയാളം പറഞ്ഞാണ് കഞ്ചാവ് കൈമാറുന്നത്. സംഘത്തലവൻ നേരിട്ടാണ് പണമിടപാട് നടത്തുന്നത്. മുമ്പ് നിരവധി തവണ കഞ്ചാവുമായി തൃശൂർ റെയിൽവേ സ്റ്റേഷനിൽ വന്നിട്ടുണ്ടെന്നും ഇവർ എക്‌സൈസിനെ അറിയിച്ചു.

വർഷങ്ങൾക്ക് ശേഷമാണ് ഇത്രയധികം കഞ്ചാവുമായി ഒറ്റയടിക്ക് പ്രതികളുൾപ്പെടെ പിടികൂടുന്നതെന്നും 20വർഷത്തിന് മുകളിൽ ശിക്ഷ കിട്ടുന്ന കുറ്റമാണിതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. റെയ്ഡിൽ എക്‌സൈസ് ഇൻസ്‌പെക്ടർ എസ്. ഷാജി, പ്രിവന്റീവ് ഓഫീസർ എം.ജി. അനൂപ്കുമാർ, വി.എ. ഉമ്മർ, കെ.സി. അനന്തൻ ഷാഡോ ടീം അംഗങ്ങളായ അബ്ദുൽ ജബ്ബാർ, നിധിൻ മാധവൻ, സ്മിബിൻ, ബിബിൻ ഭാസ്‌കർ സിവിൽ എക്‌സൈസ് ഓഫീസർമാരായ ഗിരിധരൻ, സന്തോഷ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഏതാനും ആഴ്ചകൾക്കു മുൻപ് 370 കിലോഗ്രാം കഞ്ചാവ് ചാക്കുകളിലാക്കി റെയിൽവേ സ്റ്റേഷനിൽ കണ്ടെത്തിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.