തൃശൂർ: കരളിനെ ബാധിക്കുന്ന രോഗങ്ങളിൽ കാണപ്പെടുന്ന രോഗലക്ഷണമായ മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ. മഞ്ഞപ്പിത്തം പ്രധാനമായും ഹെപ്പറ്റൈറ്റിസ് വൈറസ് ബാധയാലുള്ള കരൾവീക്കം മൂലമാണ് ഉണ്ടാകുന്നത്. ഭക്ഷണശുചിത്വമില്ലായ്മയും ആഹാരപാനീയങ്ങൾ വേണ്ടരീതിയിൽ വേവിക്കാതെ തിളപ്പിക്കാതെയും ഉപയോഗിക്കുന്നതിനാലുമാണ് രോഗം പടരുന്നത്. മനുഷ്യവിസർജ്യത്താൽ മലിനമായ കുടിവെള്ളം, പൊതുസ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം, സെപ്‌റ്റിക് ടാങ്കും കുടിവെള്ള സ്രോതസ്സുമായി സമ്പർക്കമുണ്ടാവുക എന്നിവ രോഗം നേരിട്ട് പടരുന്നതിനും കാരണമാവുന്നതായി ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.
രോഗലക്ഷണങ്ങൾ
6 മുതൽ 8 വരെ ആഴ്ച വരെ നീണ്ടുനിൽക്കുന്ന ഈ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ വിശപ്പിലായ്മ, കടുത്ത ക്ഷീണം, ശരീരവേദന, പനി, ഛർദ്ദി, വയറുവേദന എന്നിവയാണ്.
മുൻകരുതൽ
രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി വൈദ്യസഹായം തേടണം. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. ചുക്ക്, മല്ലി ഇവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം. തുറസ്സായ സ്ഥലങ്ങളിൽ മലമൂത്രവിസർജ്ജനം ഒഴിവാക്കുക. സെപ്‌റ്റിക് ടാങ്കും കുടിവെള്ള സ്രോതസ്സും തമ്മിൽ നിശ്ചിത അകലമുണ്ട് എന്ന് ഉറപ്പു വരുത്തുക. കിണർവെള്ളം നിശ്ചിത ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക. രോഗവസ്ഥയിൽ എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങൾ, ഫലവർഗ്ഗങ്ങൾ എന്നിവ കഴിക്കാം. എരിവ്, പുളി, മസാല, എണ്ണയിൽ വറുത്തവ, കൊഴുപ്പ് കൂടിയവ എന്നിവ ഒഴിവാക്കണം.