atm

തൃശൂർ: പണം കിട്ടാത്ത ദേഷ്യത്തിന് എ.ടി.എം കൗണ്ടർ കല്ല് കൊണ്ടിടിച്ച് തകർത്ത യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമംഗലം തെച്ചിക്കോട്ട്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കുന്നപ്പിളളി ശിവദാസ് (36) ആണ് അറസ്റ്റിലായത്.

പേരാമംഗലം പൊലീസ് സ്റ്റേഷന് സമീപം റെയിൽവേ മേൽപ്പാലത്തിനോട് ചേർന്നുള്ള എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എ.ടി.എം കൗണ്ടറാണ് തകർത്തത്. ഇന്നലെ പുലർച്ചെ അഞ്ചോടെയാണ് സംഭവം. പണമെടുക്കാൻ ശ്രമിച്ചിട്ടും ലഭിക്കാതിരുന്നപ്പോൾ കൗണ്ടറിന്റെ ഗ്‌ളാസ് സ്‌ക്രീനും മറ്റും തകർക്കുകയായിരുന്നു. 1,20,000 രൂപയുടെ നഷ്ടമുണ്ടായതായി ബാങ്ക് അധികൃതർ അറിയിച്ചു. ഐ.ടി. പ്രൊഫഷണലാണ് ശിവദാസ്. ഭാര്യ ഡോക്ടറാണ്. ഈ കൗണ്ടറിൽ പതിവായി പണം കിട്ടാറില്ലെന്ന് പറയുന്നു. കൗണ്ടർ തകർത്ത വിവരം ഇയാൾ തന്നെ അറിയിക്കുകയായിരുന്നുവെന്നും മദ്യലഹരിയിൽ ചെയ്താണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. പ്രതിക്ക് ജാമ്യം അനുവദിച്ചു.