yanthram

എരുമപ്പെട്ടി: നാളികേരം പിഴിഞ്ഞ് പാലെടുക്കുന്ന യന്ത്രം നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് തിച്ചൂർ തെക്കേക്കര സുരേഷ്. നാളികേരം പിഴിയുന്നതിന് യന്ത്രം നിർമ്മിച്ച് തരാൻ ആവശ്യപ്പെട്ട് സുരേഷിനെ സമീപിച്ചത് എരുമപ്പെട്ടി മങ്ങാട് പാക്കത്ത് മനോജാണ്. വെന്ത നാളികേര പാലിൽ നിന്നും വെളിച്ചെണ്ണ നിർമ്മിക്കുന്ന മനോജിന്റെ വ്യവസായ യൂണിറ്റിലേക്കാണ് യന്ത്രം നിർമ്മിച്ച് നൽകാൻ ആവശ്യപ്പെട്ടത്.

സാധാരണയായി ചിരകിയ നാളികേരം തോർത്തിൽ പിഴിഞ്ഞാണ് പാലെടുത്തിരുന്നത്. ഇതിന് കൂടുതൽ സമയവും വലിയ അധ്വാനവും വേണ്ടി വന്നിരുന്നു. എന്നാൽ യന്ത്രം പ്രവർത്തിക്കുമ്പോൾ നാളികേരം പിഴിയൽ അനായാസകരമാവുകയും കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ അളവിൽ നാളികേര പാൽ ലഭിക്കുന്നുവെന്നതുമാണ് പ്രത്യേകത. ചിരകിയ നാളികേരം യന്ത്രത്തിലെ ജാറിലിട്ട് അളവനുസരിച്ച് പിരിപ്പ് മുട്ടിച്ച് വെച്ചതിന് ശേഷം ഹൈഡ്രോളിക്ക് സിസ്റ്റം ഉപയോഗിച്ച് പ്രസ് ചെയ്യുന്നു. ചണ്ടിയിൽ ഒരു നനവു പോലും അവശേഷിക്കാതെ നൂറ് ശതമാനവും നാളികേര പാൽ ലഭിക്കുന്നുവെന്നതാണ് ഇതിന്റെ പ്രത്യേകത. ഒരേസമയം 20 നാളികേരം വരെ ഈ യന്ത്രത്തിൽ പിഴിഞ്ഞെടുക്കാൻ കഴിയും.

ഇരുപത് ദിവസം കൊണ്ടാണ് സുരേഷ് യന്ത്രത്തിന്റെ നിർമ്മാണം നടത്തിയത്. സുരേഷ് നിർമ്മിച്ച യന്ത്രം ഉപയോഗപ്പെടുത്തിയാൽ ഒരു പരിധിവരെ അധ്വാനം ലഘുകരിക്കാൻ കഴിയും. യന്ത്രം കൂടുതൽ വികസിപ്പിച്ചെടുക്കാനുള്ള തയ്യാറെടുപ്പിലാണ് സുരേഷ്. ഇതിന് മുമ്പ് വിരണ്ടോടുന്ന ആനയെ തളയ്ക്കാൻ സുരേഷ് നിർമ്മിച്ച ബ്രേക്ക് സിസ്റ്റം വലിയ ശ്രദ്ധനേടുകയും സർക്കാർ തലത്തിൽ വരെ ചർച്ചയാവുകയും ചെയ്തിരുന്നു.