chenda

എയ്യാൽ കാർത്യായനി ക്ഷേത്രത്തിൽ നടന്ന വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം.

എരുമപ്പെട്ടി: ഒരു കൂട്ടം വിദ്യാർത്ഥികൾ ചെണ്ടമേളത്തിൽ അരങ്ങേറ്റം കുറിച്ചത് വാദ്യ പ്രേമികളിൽ വിസ്മയം തീർത്തു. കടങ്ങോട് പഞ്ചായത്തിന് കീഴിൽ പരിശീലനം നേടിയ 27 പേരാണ് വാദ്യകലയിലേക്ക് കൊട്ടിക്കയറിയത്. കലാപ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം കലാകാരൻമാരെ വാർത്തെടുക്കുക എന്ന ഭരണസമിതിയുടെ വ്യത്യസ്ഥമായ ചിന്താഗതിയാണ് 27 വാദ്യകലാകാരൻമാരെ പഞ്ചായത്തിന് സമ്മാനിച്ചത്.

കഴിഞ്ഞവർഷങ്ങളിലും വിവിധ കലാ സാംസ്കാരിക പ്രവർത്തനങ്ങൾ പഞ്ചായത്തിന്റെ കീഴിൽ നടപ്പിലാക്കിയിട്ടുണ്ട്. 2018-19 ജനകീയാസൂത്രണ പദ്ധതിയിലുൾപ്പെടുത്തിയാണ് മേള പരിശീലനം പഞ്ചായത്ത് നടത്തിയത്. മേള കുലപതി വെള്ളിതിരുത്തി ഉണ്ണിനായരാണ് വിദ്യാർത്ഥികളെ വാദ്യം അഭ്യസിപ്പിച്ചത്. എല്ലാ ദിവസവും വൈകീട്ട് 6മുതൽ 8വരെ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ മേളക്കൊഴുപ്പോടെ ശബ്ദമുഖരിതമാവും. ജനപ്രതിനിധികളാണ് കലാവാസനയുള്ള കുട്ടികളെ കണ്ടെത്തിയതും പരിശീലനത്തിന് നേതൃത്വം നൽകിയതും. അരങ്ങേറ്റം നടത്താൻ വേണ്ട ചെലവുകൾ പൂർണമായും പഞ്ചായത്ത് ഏറ്റെടുത്തു നടപ്പിലാക്കി.

എയ്യാൽ ശ്രീ കാർത്യായനി ക്ഷേത്രാങ്കണത്തിൽ നടന്ന അരങ്ങേറ്റം കേരള കലാമണ്ഡലം നിർവാഹക സമിതിയംഗം ടി.കെ. വാസു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രമണി രാജൻ അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം കുട്ടി നാരായണൻ മുഖ്യാതിഥിയായി. ആശാൻ വെള്ളിത്തിരുത്തി ഉണ്ണി നായരെ ജില്ലാ പഞ്ചായത്തംഗം കല്യാണി എസ്.നായർ പൊന്നാട അണിയിച്ച് ആദരിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ.കെ.എം. നൗഷാദ്, ജലീൽ ആദൂർ, കെ.ആർ. സിമി, മേള പരിശീലനത്തിന് ചുമതല വഹിച്ച മെമ്പർ കെ.കെ. മണി എന്നിവർ പങ്കെടുത്തു.