കൊടുങ്ങല്ലൂർ: ഇന്ത്യയിലെ ആദ്യ മുസ്‌ലിം ദേവാലയമായ ചേരമാൻ പള്ളിയും ഭീകരരുടെ ലക്ഷ്യകേന്ദ്രമായിരുന്നുവെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദിന് സുരക്ഷ വർദ്ധിപ്പിക്കാൻ പൊലീസിന്റെ നിർദ്ദേശം. സി.ഐ: കെ.ജി. അനീഷ് ആണ് ചേരമാൻ മഹല്ല് കമ്മിറ്റിക്ക് കത്ത് നൽകിയത്.
പൊലീസിന്റെ നിർദ്ദേശങ്ങൾ മഹല്ല് കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് മഹല്ല് പ്രസിഡന്റ് ഡോ. പി.എ. മുഹമ്മദ് സഈദ്, സെക്രട്ടറി എസ്.എ അബ്ദുൾ ഖയ്യും എന്നിവർ പറഞ്ഞു. ചേരമാൻ പള്ളിയിൽ സ്‌ഫോടനം നടത്താൻ പദ്ധതിയിട്ടതായി എൻ.ഐ.എയുടെ പിടിയിലായ ആൾ വെളിപ്പെടുത്തിയതായുള്ള വാർത്തകളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സുരക്ഷാ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചത്.
നിർദേശങ്ങൾ
പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളുടെ എണ്ണം രണ്ടായി ചുരുക്കുക
രണ്ട് ഗേറ്റുകളിലും മെറ്റൽ ഡിറ്റക്ടർ സ്ഥാപിച്ച് അതു വഴിമാത്രം സന്ദർശകരെ കടത്തിവിടുക
ബാഗേജുകൾ പള്ളിക്ക് പുറത്ത് സൂക്ഷിക്കുന്നതിനായി ക്ലോക്ക് റൂം ഒരുക്കുക
സന്ദർശകരായ സ്ത്രീകളെ പരിശോധിക്കുന്നതിന് വനിതാ ജീവനക്കാരെ നിയോഗിക്കുക
പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾക്ക് മിറർ ചെക്കിംഗ് സംവിധാനം ഏർപ്പെടുത്തുക
മതിൽക്കെട്ടിന് മുകളിൽ മുള്ളുവേലി സ്ഥാപിക്കുക, കൂടുതൽ ലൈറ്റുകൾ ഘടിപ്പിക്കുക
കാവൽക്കാരുടെ എണ്ണം വർദ്ധിപ്പിക്കുക, പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുക