ഗുരുവായൂർ: അമൃത് പദ്ധതിയിൽ ഉൾപ്പെട്ടുത്തിയിട്ടുള്ള സമ്പൂർണ കുടിവെള്ള പദ്ധതിക്ക് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ തടസം നിൽക്കുന്നതായി യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആരോപിച്ചു. 127 കോടി രൂപയാണ് സമ്പൂർണ്ണ കുടിവെള്ള പദ്ധതിയ്ക്കായി നഗരസഭ വകയിരുത്തിയിട്ടുള്ളത്. 2020 മാർച്ച് 31ന് മുമ്പ് പദ്ധതി പൂർത്തീകരിക്കേണ്ടതാണ്. റോഡ് മെയിന്റനൻസിന് അടക്കേണ്ടതായ 7 കോടി രൂപയോളം വാട്ടർ അതോറിട്ടി മുഖേന പൊതുമരാമത്ത് വകുപ്പിൽ അടച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് അനുമതി നൽകാത്തതിനാൽ നിർമ്മാണപ്രവർത്തനങ്ങൾ സ്തംഭിച്ചിരിക്കുകയാണ്. എം.എൽ.എയുടെ ഇടപ്പെടലിനെ തുടർന്നാണ് ഇതെന്ന് നഗരസഭാ പ്രതിപക്ഷ നേതാവ് എ.പി. ബാബു ആരോപിച്ചു. മഴക്കാലത്തിന് മുമ്പ് പൊതുമരാമത്ത് റോഡിലെ കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയാക്കിയില്ലെങ്കിൽ സമരപരിപാടികൾക്ക് രൂപം നൽകുമെന്നും അദ്ദേഹം പറഞ്ഞു.