പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ ജീവനക്കാരുടെ ആക്രമണത്തിൽ ജീപ്പ് യാത്രക്കാരന് പരിക്ക്. ജീപ്പിന്റെ ഗ്ലാസ് ജീവനക്കാർ തല്ലിത്തകർത്തു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ആമ്പല്ലൂർ വെണ്ടോർ മഞ്ഞളി വീട്ടിൽ മെൽബിൻ (31) ആണ് ആക്രമണത്തിന് ഇരയായത്. തൃശൂർ ഭാഗത്തേക്ക് ജീപ്പിൽ ഭാര്യയോടൊപ്പം പോയിരുന്ന മെൽബിൻ ടോൾ പ്ലാസയിലെ ക്യൂവിൽ നിന്നും സമീപത്തെ തിരക്ക് കുറഞ്ഞ ട്രാക്കിലേക്ക് ജീപ്പ് കയറ്റിയതാണ് ജിവനക്കാരെ രോഷാകുലരാക്കിയത്. തിരക്ക് കുറഞ്ഞ ട്രാക്കിലേക്ക് പ്രവേശിച്ച ജീപ്പിനടുത്തേക്ക് ഓടിയെത്തിയ ജീവനക്കാരൻ ഗ്ലാസ് തല്ലിത്തകർത്തു. മെൽബിനെ മർദ്ദിച്ചു. ഈ സമയം ടോൾ പ്ലാസയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന അന്യസംസ്ഥന ജിവനക്കാർ ഉൾപ്പെടെയുള്ളവർ സംഘം ചേർന്നാണ് മെൽബിനെ ആക്രമിച്ചത്. ട്രാക്കുകളിൽ കിടന്നിരുന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാർ ഇറങ്ങി ഓടി വന്ന് പ്രതിരോധിച്ചപ്പോഴാണ് ജീവനക്കാർ മർദ്ദനം അവസാനിപ്പിച്ചത്. ഏറെനേരം ടോൾ പ്ലാസ സ്തംഭിച്ചു. എറെ സമയം കഴിഞ്ഞ് പൊലീസ് എത്തിയപ്പോൾ വെൽബിൻ ആക്രമിച്ചെന്ന് ജിവനക്കാർ കള്ളപ്പരാതി നൽകി. എന്നാൽ ദൃക്‌സാക്ഷികളായ യാത്രക്കാർ ബഹളം ഉണ്ടാക്കിയതോടെ ടോൾ പ്ലാസ ജിവനക്കാരായ, മുതലമട മൗത്തനംതള്ള വീട്ടിൽ വിഷ്ണു (29), തളിക്കുളം, തമ്പാൻ കടവ്, ചിറ്റിലേടത്ത് വിട്ടിൽ ബിജീഷ് (31)എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷനിലെത്തിച്ച് കേസെടുത്ത ശേഷം ജാമ്യത്തിൽ വിട്ടയച്ചു. മർദനത്തിൽ പരിക്കേറ്റ മെൽബിൻ പുതുക്കാട് താലൂക്ക് ആശുപതിയിൽ ചികിത്സ തേടി.