തൃശൂർ: ജില്ലയിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേറ്റ തിരിച്ചടിക്ക് യു.ഡി.എഫ് പകരം വീട്ടുമോ? തൃശൂർ, ആലത്തൂർ, ചാലക്കുടി ലോക്‌സഭാ മണ്ഡലങ്ങൾ എൽ.ഡി.എഫ് നിലനിറുത്തുമോ? ശബരിമല വിഷയവും വിശ്വാസികളോടുളള നിലപാടുകളും നിറഞ്ഞുനിന്ന തിരഞ്ഞെടുപ്പിൽ എൻ.ഡി.എ തൃശൂരിൽ അട്ടിമറി നടത്തുമോ? എല്ലാ ചോദ്യങ്ങൾക്കുളള ഉത്തരവും ഇന്ന് അറിയാം.
എക്‌സിറ്റ് പോളുകളുടെ പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ ജനവിധിയെ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ. പരാജയപ്പെട്ടാൽ പാർട്ടികൾക്കുള്ളിലെ അന്തഃസംഘർഷങ്ങളും സ്ഥാനചലനങ്ങളും എത്ര കണ്ട് ശക്തമാകുമെന്ന ചിന്തയിൽ മുൾമുനയിലാണ് മുന്നണിനേതൃത്വങ്ങൾ.
തിരഞ്ഞെടുപ്പ് ഫലം മൂന്ന് മുന്നണികൾക്കും നിർണായകമാണ്. ഭാവിയും പ്രതീക്ഷകളുമെല്ലാം ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കും. കേന്ദ്ര, സംസ്ഥാന ഭരണവിരുദ്ധ വികാരവും രാഹുൽ ഇഫക്ടും ശബരിമല വിഷയവും അടക്കം ഏതൊക്കെ വിഷയങ്ങൾ ജനങ്ങളെ എത്രമാത്രം സ്വാധീനിച്ചുവെന്നും ആർക്കൊക്കെ ഗുണം ചെയ്തുവെന്നും തിരഞ്ഞെടുപ്പ് ഫലം തെളിയിക്കും. വിജയം ഉറപ്പെന്ന് ആവർത്തിച്ചു പറയുമ്പോഴും വിശകലനങ്ങളും കണക്കുക്കൂട്ടലുകളും മുന്നണികൾക്കുള്ളിൽ തീരുന്നില്ല. വോട്ടെണ്ണൽ ദിനത്തിലെ തയ്യാറെടുപ്പുകൾ വിലയിരുത്തിയും വിജയാഘോഷങ്ങൾക്ക് ഒരുക്കങ്ങൾ കൂട്ടിയും ഇന്നലെയും തിരക്കിലായിരുന്നു നേതാക്കൾ.
ചാലക്കുടി, തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി തുടക്കം മുതൽക്കെ മുറുമുറുപ്പുകൾ ഉയർന്നതാണ് എൽ.ഡി.എഫിനെ പ്രതിസന്ധിയിലാഴ്ത്തിയത്. അതുകൊണ്ടു തന്നെ തോൽവി പിണഞ്ഞാൽ പാർട്ടിക്കുള്ളിലും മുന്നണിയിലും എതിർസ്വരങ്ങൾ ശക്തമാകും. യു.ഡി.എഫിന്റെ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലി അഭിപ്രായഭിന്നത ഉയർന്നില്ലെങ്കിലും ഗ്രൂപ്പുകളിലെ അസ്വാരസ്യങ്ങളും ഏകോപനമില്ലായ്മയും താഴേത്തട്ടിലുളള പ്രവർത്തനങ്ങളുടെ കുറവും ക്ഷീണമുണ്ടാക്കിയിരുന്നു. വിജയിച്ചില്ലെങ്കിൽ അതെല്ലാം പരസ്യമായ വിഴുപ്പലക്കലുകളായി മാറും. എൻ.ഡി.എ പ്രതീക്ഷിച്ചതൊന്നും ലഭിച്ചില്ലെങ്കിൽ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വത്തിന് തന്നെ വിള്ളലുണ്ടാകും. സംസ്ഥാന പ്രസിഡന്റിന്റെ സ്ഥാനം തന്നെ തെറിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു കഴിഞ്ഞു.
ജില്ലയിൽ വോട്ടെണ്ണലിന്റെ ഒരുക്കങ്ങൾ പൂർത്തിയായിക്കഴിഞ്ഞു. ഏക വോട്ടെണ്ണൽ കേന്ദ്രമായ തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ ഒരുക്കങ്ങൾ പൂർത്തിയായി. ആദ്യ ഫലസൂചന 8.30ന് തന്നെ അറിയാനാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടുകളാണ് ഇവിടെ എണ്ണുക. കോളേജിലെ വിവിധ ബ്ലോക്കുകളിലായി രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിക്കും. ആദ്യം പോസ്റ്റൽ ബാലറ്റുകളാണ് എണ്ണുക. റിട്ടേണിംഗ് ഓഫിസറുടെയും അസി. റിട്ടേണിംഗ് ഓഫിസറുടെയും മേൽനോട്ടത്തിലാണ് വോട്ടെണ്ണൽ. ഓരോ റൗണ്ടും പൂർത്തിയാകുമ്പോൾ തന്നെ വോട്ടെണ്ണൽ ഫലം ക്രോഡീകരിച്ച് നൽകും.