pipepotti-
എരുമപ്പെട്ടി നെല്ലുവായിൽ പൈപ്പ് പൊട്ടി കുടിവെള്ളം ഉയരുന്നു

എരുമപ്പെട്ടി: എരുമപ്പെട്ടി മേഖലയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് തുടർക്കഥ. രൂക്ഷമായ വരൾച്ചയിലും അധികൃതർ നടപടിയെടുക്കാത്തതിനെതിരെ നാട്ടുകാർക്കിടയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്. വടക്കാഞ്ചേരി കുന്നംകുളം റോഡിൽ വിവിധ സ്ഥലങ്ങളിലാണ് പൈപ്പ് പൊട്ടി വൻതോതിൽ കുടിവെള്ളം പാഴാകുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. എരുമപ്പെട്ടി, നെല്ലുവായ്, കരിയന്നൂർ പ്രദേശങ്ങളിൽ ഇത് നിത്യ സംഭവമാണ്. നെല്ലുവായ് പാലത്തിന് സമീപം ജലവിതരണ പൈപ്പ് പൊട്ടി വാനോളം ഉയരത്തിലാണ് വെള്ളം പാഴായി പോകുന്നത്. കരിയന്നൂരിൽ റോഡ് തോടായി മാറിയിരിക്കുകയാണ്. എരുമപ്പെട്ടി, കടങ്ങോട്, കടവല്ലൂർ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം വിതരണം ചെയ്യുന്ന ഏക ജലവിതരണ പദ്ധതികൂടിയാണിത്. വിതരണ പൈപ്പുകൾ പൊട്ടുന്നത് മൂലം നിരവധി പ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്.

സാധാരണക്കാർ 500 രൂപ മുതൽ വില നൽകിയാണ് വീടുകളിലേക്ക് കുടിവെളളം എത്തിക്കുന്നത്. കടങ്ങോട് ശുദ്ധജല വിതരണ പദ്ധതിയുടെ കേടുപാടുകൾ തീർത്താൽ ഇതിന് വലിയൊരു പരിഹാരമാകും. ജനങ്ങളുടെ ദുരിതം മനസിലാക്കി എത്രയുപെട്ടെന്ന് കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപണി നടത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.