തൃശൂർ: തിരഞ്ഞെടുപ്പ് ഫലത്തിനായി ജനം കാതോർക്കുമ്പോൾ സ്ഥാനാർത്ഥികളും ആകാംക്ഷയുടെ മുൾമുനയിൽ. തൃശൂർ ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ഇന്ന് രാവിലെ ആറോടെ തന്നെ വോട്ടെണ്ണൽ കേന്ദ്രമായ എൻജിനിയറിംഗ് കോളേജിൽ എത്തും. ഇന്നലെ രാവിലെ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തിയ പ്രതാപൻ വൈകീട്ട് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദിന്റെ വീട്ടിലെ നോമ്പുതുറയിൽ പങ്കെടുത്തു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ രാജാജി മാത്യു തോമസ് രാവിലെ സി.പി.ഐ ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തും. വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് പോകുന്ന കാര്യം മുൻകൂട്ടി തീരുമാനിച്ചിട്ടില്ല. ഇന്നലെ എറണാകുളത്ത് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുഹൃത്തിനെ സന്ദർശിച്ചു. എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി ഇന്നലെ ഗുരുവായൂരിലെ തന്റെ ഫ്‌ളാറ്റിലെത്തി. ഇന്ന് തിരഞ്ഞെടുപ്പ് ഫലം നിരീക്ഷിച്ച് തൃശൂരിലുണ്ടാകും.