തൃശൂർ: കരിയച്ചിറയിലെ ഗ്യാസ് ക്രിമറ്റോറിയത്തിന്റെ മേന്മ വിളമ്പി ഭരണപക്ഷം. കഴിഞ്ഞ ഭരണ സമിതി നടത്തിയ പ്രവർത്തനം തങ്ങളുടെ അക്കൗണ്ടിലാക്കിയതാണെന്ന് തിരിച്ചടിച്ച് പ്രതിപക്ഷം. കഴിഞ്ഞ യു.ഡി.എഫ് ഭരണ സമിതിയാണ് ശ്മാശനത്തിന്റെ പണി ഭൂരിഭാഗവും പൂർത്തിയാക്കിയത്. എന്നിട്ടും മൂന്നര വർഷത്തോളം ഉദ്ഘാടനം നടത്താതെ നീട്ടി കൊണ്ടു പോകുകയായിരുന്നുവെന്ന് ജോൺ ഡാനിയേലും എ. പ്രസാദും പറഞ്ഞു.

കോർപറേഷന് കീഴിലെ ശക്തൻമാർക്കറ്റിലെ കംഫർട്ട് സ്റ്റേഷൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം പൂട്ടേണ്ട അവസ്ഥയുണ്ടായത് കോർപറേഷന് നാണക്കേടുണ്ടാക്കിയെന്ന് ജോൺ ഡാനിയൽ പറഞ്ഞു. നഗരത്തിൽ പീച്ചിയിൽ നിന്ന് വിതരണം ചെയ്യുന്ന വെള്ളം ചെളി നിറഞ്ഞതാണെന്നും ഇത് പരിഹരിക്കാൻ നടപടിയെടുക്കണമെന്നും ബി.ജെ.പി കൗൺസിലർ എം.എസ്. സമ്പൂർണ ആവശ്യപ്പെട്ടു. നഗരം ശുചിയാക്കുന്ന കുടുംബശ്രീ പ്രവർത്തകർക്ക് മാസങ്ങളായി ശമ്പളം കിട്ടുന്നില്ലെന്ന പരാതി ഇതുവരേയും പരിഹരിക്കാൻ കഴിയാത്തത് അംഗീകരിക്കാൻ കഴിയില്ലെന്ന് സമ്പൂർണയും ജോൺ ഡാനിയേലും പറഞ്ഞു. പ്രശ്‌നം പരിഹരിക്കാൻ തയ്യാറാണെന്ന് ഡി.പി.സി അംഗം വർഗീസ് കണ്ടംകുളത്തി പറഞ്ഞു. ലാലൂരിലെ പൊതു ശ്മശാനത്തിന്റേയും പരിപാലനത്തിന് മേയർ ചെയർമാനായി കമ്മിറ്റികൾ രൂപീകരിക്കാൻ കൗൺസിൽ തീരുമാനിച്ചു.
നഗരത്തിൽ കോർപറേഷന് കീഴിലുള്ള ശൗചാലയങ്ങളുടെ സ്ഥിതി അതി ദയനീയമാണെന്നും ഇത് ആരോഗ്യ വകുപ്പിന് ബോദ്ധ്യപ്പെട്ടതിനാലാണ് അവരുടെ നിർദ്ദേശപ്രകാരം കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടേണ്ടി വന്നതെന്നും ജോൺ ഡാനിയൽ പറഞ്ഞു. എന്നാൽ കംഫർട്ട് സ്റ്റേഷൻ അടച്ചു പൂട്ടാൻ പറഞ്ഞത് തന്റെ നിർദ്ദേശപ്രകാരമാണെന്ന് മേയർ വ്യക്തമാക്കി.